പ്രസവിച്ച് മൂന്നു ദിവസത്തിനുള്ളില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അനുപമയും ഭര്‍ത്താവ് അജിത്തും ഇന്നുമുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരസമരം ഇരിക്കും.രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെയാണ് സമരം. 

തനിക്കെവിടെ നിന്നും നീതി ലഭിച്ചില്ല. ശിശുക്ഷേമസമിതിയും പോലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും പരാതിയെ വളരെ ലാഘവത്തോടെയാണ് കണ്ടത്. അവര്‍ ഏതെങ്കിലും രീതിയിലുള്ള നടപടി എടുത്തിരുന്നെങ്കില്‍ ഈ നിരാഹാരസമരം വേണ്ടിവരില്ലായിരുന്നു എന്നാണ് അനുപമ പറയുന്നത്. എഫ്.ഐ.ആര്‍. എടുത്തിട്ടും ഔദ്യോഗികമായി ഇതുവരെ അനുപമയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. 

പരാതിപ്പെട്ട് ആറുമാസത്തിനുശേഷമാണ് പോലീസ് കേസെടുക്കാന്‍ പോലും തയ്യാറായത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അടുത്ത് വിഷയമെത്തിയിട്ടും എന്തുകൊണ്ട് ഒരു പ്രശ്‌നപരിഹാരം ഉണ്ടായില്ല എന്ന കാര്യത്തില്‍  ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്. അനിശ്ചികാലത്തേക്ക് സമരം നീട്ടേണ്ടിവരില്ലെന്നും ഉടന്‍ നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അനുപമ പറയുന്നു.