പലചരക്ക് കട യുവാവ് സ്വന്തം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ച് നിരത്തി. കണ്ണൂര്‍ ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്പിനടുത്ത് ഊമലയില്‍ തിങ്കളാഴ്ച രാവിലെ പത്തിനാണ് സംഭവം. ഊമലയില്‍ കച്ചവടംനടത്തുന്ന കൂമ്പന്‍കുന്നിലെ പുളിയാര്‍മറ്റത്തില്‍ സോജിയുടെ പലചരക്ക് കടയാണ് സ്തുതിക്കാട്ട് (പ്ലാക്കുഴിയില്‍) ആല്‍ബിന്‍ മാത്യു (31) മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകര്‍ത്തത്.

ഇരുവരും അയല്‍ക്കാരാണ്. തന്റെ വിവാഹം മുടക്കിയതിനാലാണ് കട തകര്‍ത്തതെന്ന് ആല്‍ബിന്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. എന്നാല്‍, ഇതില്‍ കഴമ്പില്ലെന്ന് സോജിയും സംഭവസ്ഥലത്ത് എത്തിയവരും പറയുന്നു. ആല്‍ബിനെയും കട പൊളിക്കാനുപയോഗിച്ച മണ്ണുമാന്തി യന്ത്രവും ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. കട പൂര്‍ണമായും തകര്‍ന്നു.