പെർമിറ്റില്ലാതെ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങുന്നതിനെതിരെ പ്രത്യക്ഷസമരത്തിനിറങ്ങി കോഴിക്കോട്ടെ ടാക്സി ഓട്ടോ ഡ്രൈവർമാർ. ഇലക്ട്രിക് ഒട്ടോറിക്ഷകളും-ടാക്‌സി ഓട്ടോറിക്ഷകളും തമ്മിലുള്ള മാസങ്ങളായുള്ള തര്‍ക്കമാണ് കോഴിക്കോട് നഗരത്തില്‍ വലിയ സമരത്തിലേക്കെത്തിയത്.
സര്‍ക്കാരിന്റെ ഇലക്ട്രിക് നയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറങ്ങിയ ഇലക്ട്രിക്ക് ഓട്ടോകള്‍ക്ക് സര്‍വീസ് നടത്താന്‍ പെര്‍മിറ്റോ മറ്റോ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരം ഓട്ടോകള്‍ നഗരത്തില്‍ സര്‍വീസ് നടത്തണമെങ്കില്‍ പെര്‍മിറ്റ് എടുക്കണമെന്നും അല്ലാത്ത പക്ഷം സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്നും മറ്റ് ഓട്ടോ തൊഴിലാളികളും സംഘടനകളും നിലപാടെടുത്തതോടെ പ്രശ്‌നം സമരത്തിലേക്കെത്തുകയായിരുന്നു.
മറ്റ് ഓട്ടോകള്‍ക്കൊപ്പം ഒരേ സ്റ്റാന്‍ഡില്‍ ഇലക്ട്രിക് ഓട്ടോകളും പാര്‍ക്ക് ചെയ്തതോടെ പ്രശ്‌നം സംഘര്‍ഷത്തിലേക്കെത്തുകയും ചെയ്തു. കോഴിക്കോട് നഗരത്തില്‍ ഇ.ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നടക്കമുള്ള ഉത്തരവുകള്‍ നിലനില്‍ക്കേയാണ് ഇ- ഓട്ടോകള്‍ക്ക് നഗരത്തില്‍ സര്‍വീസ് നടത്താന്‍ കഴിയാതെ വന്നിരിക്കുന്നത്.