പട്ടാളം തടങ്കലിലാക്കിയ മ്യാന്‍മര്‍ ദേശീയ നേതാവ് ഓങ് സാന്‍ സൂചിയെ വിട്ടയക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രതിഷേധ പ്രകടനങ്ങളും, റാലികളും നഗരത്തില്‍ കാണാനില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ പട്ടാളഭരണത്തിന് എതിരെ ശക്തമായ ഭാഷയിലാണ് വിമര്‍ശനങ്ങള്‍.

ഓങ് സാന്‍ സൂചി വീട്ടുതടങ്കലിലാണെന്ന് പട്ടാളം പറയുന്നുണ്ടെങ്കിലും വിശ്വസിക്കാനാവില്ല എന്നാണ് സൂചിയുടെ പാർട്ടി പറയുന്നത്. സൂചിയുടെ ഒരു ചിത്രമെങ്കിലും പുറത്തുവിടണമെന്നാണ് ആവശ്യം. വീട്ടുതടങ്കലിലാക്കിയ ജനപ്രതിനിധികളെ വിട്ടയക്കുമെന്ന് പട്ടാളം വ്യക്തമാക്കുമ്പോഴും സൂചിയുടെ കാര്യത്തിൽ മൗനമാണ് പ്രതികരണം.

സൂചിയെ വിട്ടയയ്ക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നുണ്ടെങ്കിലും മ്യാൻമറിൽ തെരുവിലിറങ്ങിയുള്ള പ്രതിഷേധങ്ങളില്ല. ആരോ​ഗ്യപ്രവർത്തകർ നിസ്സഹകരണം പ്രഖ്യാപിച്ചതൊഴിച്ചാൽ പ്രതിഷേധങ്ങൾ സമൂഹമാധ്യമങ്ങളിലൊതുങ്ങി. രാത്രിയും പകലും പട്ടാളത്തിന്റെ പട്രോളിങ്ങുണ്ട്. നവംബറിലെ തിരഞ്ഞെടുപ്പ് ഫലം അം​ഗീകരിക്കണമെന്നും ഈയാഴ്ച പാർലമെന്റ് ചേരണമെന്നും സൂചിയുടെ പാർട്ടിയായ നാഷണൽ ലീ​ഗ് ഫോർ ഡെമോക്രസി ആവശ്യപ്പെട്ടു.