സംയുക്ത സൈനിക മേധാവി(ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നു വീണു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഊട്ടിക്ക് സമീപം കുനൂര്‍ കട്ടേരിക്കടുത്തായിരുന്നു ഹെലിക്കോപ്ടര്‍ തകര്‍ന്നുവീണത്. ബിപിന്‍ റാവത്തിന്റെ ഭാര്യയും സ്റ്റാഫുമടക്കം 14 പേര്‍ ഹെലിക്കോപ്റ്ററിലുണ്ടായിരുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു 

കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനിക മേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ബിപിന്‍ റാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം. 

ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.