സുഗതകുമാരിയുടെ ജന്മഗൃഹം തനിമ ചോരാതെ പുനര്‍നിര്‍മിക്കുന്നു. പുരാവസ്തുവകുപ്പാണ് ടീച്ചറുടെ ആറന്മുളയിലെ തറവാട് നിത്യസ്മാരകമാക്കി മാറ്റുക.

700 വര്‍ഷം പഴക്കം കണക്കാക്കപ്പെടുന്ന വാഴുവേലില്‍ തറവാട് സംരക്ഷിക്കപ്പെടണമെന്നത് കവയിത്രിയുടെ തന്നെ ആഗ്രഹമായിരുന്നു. അഭ്യര്‍ത്ഥനമാനിച്ച് പുരാവസ്തുവകുപ്പ് തറവാടിന്റെ തനിമചോരാതെയുള്ള പ്രവൃത്തികള്‍ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ തുടങ്ങിയിരുന്നു. 65 ലക്ഷം രൂപയുടെ നിര്‍മിതികളില്‍ പ്രധാനഘട്ടം ഇതോടെ പിന്നിട്ടു.

ടീച്ചറുടേയും കുടുംബത്തിന്റേയും ഏറ്റവും വലിയ ആഗ്രഹം വരുംതലമുറയ്ക്കായും നാടിനായും സംരക്ഷിക്കണമെന്നതായിരുന്നെന്നും അതിനനുസരിച്ചുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ടെന്നും വീണാ ജോര്‍ജ്ജ് എം.എല്‍.എ പറഞ്ഞു. വാസ്തവത്തില്‍ ഈ മാസം 29-ന് മന്ത്രിയോടൊപ്പം സുഗതകുമാരി ടീച്ചറുടെ അടുത്ത് ചെന്ന് തറവാട് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട
മറ്റു പ്രവര്‍ത്തനങ്ങളേക്കുറിച്ച് സംസാരിക്കാനിരിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.