കൊച്ചിയില്‍ താരസംഘടനയായ 'അമ്മ'യുടെ അടിയന്തര യോഗം പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ കൂടി പങ്കെടുക്കുന്ന യോഗത്തില്‍ വിവാദമായ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് അറിയാന്‍ കഴിയുന്നത്. 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിട്ട സന്ദര്‍ഭത്തില്‍ നടന്‍ ദിലീപിനെ സംഘടനയില്‍നിന്ന് പുറത്താക്കിയതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും അതുകൊണ്ടു തന്നെ ഇ.ഡി. കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷിനെ സംഘടനയില്‍നിന്നു പുറത്താക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം.  

ഇതുകൂടാതെ, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരായി നടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് 'അമ്മ' എക്‌സിക്യുട്ടീവ് അംഗമായ ബാബുരാജ് വ്യക്തമാക്കിയിരുന്നു.