കോഴിക്കോട് ആവളപാണ്ടി കുറ്റിയോട്ട് നടയിൽ പൂത്ത മുള്ളൻപായലും അതിന്റെ ദൃശ്യഭംഗിയും ഇന്ന് നിരവധി പേരെയാണ് അവിടേക്ക് ആകർഷിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അത്ര സുഖകരമായ കാര്യമായിരിക്കില്ല ഇനി വരാൻ പോകുന്നത്.
തെക്കനമേരിക്കൻ സ്വദേശിയായ കബോംബ ഫര്‍കാറ്റ എന്ന ചെടിയാണ് ഈ നാട്ടുകാർ പറയുന്ന മുള്ളൻ പായൽ. മറ്റ് ജല സസ്യങ്ങളെ നശിപ്പിച്ച് അതിവേഗം പടർന്നു പിടിക്കുന്ന ജലസസ്യമാണ് ഈ കാണുന്നത്. മുള്ളൻപായലിന് ജനശ്രദ്ധ കിട്ടിയതും, അവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നതും അതിന്റെ വ്യാപനത്തിന്റെ വേഗം വർധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു.
കാണാൻ വരുന്നവരെല്ലാം ഈ ചെടികൾ പറിച്ചുകൊണ്ടു പോകുന്നുണ്ട്. അവരുടെ നാട്ടിലെ ജലാശയങ്ങളിലെത്തിയാൽ അധികം വൈകാതെ അവിടവും ആവളപാണ്ടിപോലെയാകും. അങ്ങനെ ജലാശയത്തിലെ ഈ അമേരിക്കൻ അധിനിവേശം നമ്മുടെ നാട്ടിലും നടപ്പാകും.