ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് രഹസ്യമൊഴി നല്‍കുന്നതിന് മുമ്പായി രമേശ് ചെന്നിത്തല തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ബിജു രമേശിന്റെ ആരോപണം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ പേര് പറയരുത് എന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്നദ്ദേഹം പറഞ്ഞു.

തന്റെ ഭാര്യ രാഷ്ട്രീയത്തിൽ ഇടപെടുന്ന ആളല്ല. അവരും ആരെയും വിളിച്ചിട്ടില്ല. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും താനിത് തള്ളിക്കളയുന്നെന്നും ചെന്നിത്തല പറഞ്ഞു. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് രഹസ്യമൊഴി നല്‍കുന്നതിന് മുമ്പായി രമേശ് ചെന്നിത്തല തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ബിജു രമേശ് ആരോപിച്ചത്.

രഹസ്യമൊഴി കൊടുക്കുന്ന ദിവസം രമേശ് ചെന്നിത്തലയും ഭാര്യയും ഫോണില്‍ വിളിച്ച് ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചതിനാലാണ് രഹസ്യമൊഴിയില്‍ ചെന്നിത്തലയുടെ പേര് പറയാഞ്ഞതെന്നും ബിജു രമേശ് പറഞ്ഞിരുന്നു.