ആലപ്പുഴയിൽ പോലീസ് കൺട്രോൾ റൂമിലെ വാഹനത്തിൽ യുവതി പ്രസവിച്ചു. പോലീസ് വാഹനത്തിൽ ആശുപത്രിയിലേക്കുള്ള  യാത്രയിലായിരുന്നു  പ്രസവം. മണ്ണഞ്ചേരി സ്വദേശിനിയായ ആതിരയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

രാവിലെ ആലപ്പുഴയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് വരികയായിരുന്നു യുവതി. അച്ഛന്റെ ഓട്ടോറിക്ഷയിലായിരുന്നു യാത്ര ചെയ്തിരുന്നത്. ജില്ലാ കോടതിക്ക് മുന്നിലെത്തിയപ്പോൾ പ്രസവവേദന തുടങ്ങി. മുന്നിൽക്കണ്ട പോലീസ് ഉദ്യോ​ഗസ്ഥരെ വിവരമറിയിച്ചപ്പോൾ ഇവരെ പോലീസ് വാഹനത്തിലേക്ക് മാറ്റി ആശുപത്രിയിലേക്ക് പുറപ്പെട്ടു.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവതി പ്രസവിച്ചുകഴിഞ്ഞിരുന്നു. പോലീസ് ഉദ്യോ​ഗസ്ഥർ തക്കസമയത്ത് വന്നതുകൊണ്ട് മകളെ രക്ഷിക്കാനായെന്ന് ആതിരയുടെ അച്ഛൻ പ്രതികരിച്ചു.