ആലപ്പുഴയില്‍ പാര്‍ട്ടി തീരുമാനം ചോദ്യം ചെയ്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സി.പി.എം ജില്ലാ നേതൃത്വത്തില്‍ ധാരണ. അന്വേഷണം എങ്ങിനെ വേണമെന്ന് തീരുമാനിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് രാവിലെ പത്തരക്ക് ചേരും. 

സൗമ്യ രാജിനെ ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്ത തീരുമാനത്തിനെതിരെയാണ് സി.പി.എം പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചത്. നെഹ്രു ട്രോഫി വാര്‍ഡ് കൗണ്‍സിലറും ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റിയംഗവുമായ കെ.കെ. ജയമ്മയെ അവഗണിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ജയമ്മയെ അനുകൂലിക്കുന്നവരെ തെരുവിലിറക്കിയതിനുപിന്നില്‍ കാര്യമായ ആസൂത്രണമുണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ സംശയം. പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചപ്പേള്‍ ഇല്ലായിരുന്ന പ്രതിഷേധം പിന്നീടുണ്ടായതാണ് സംശയം ജനിപ്പിച്ചിരിക്കുന്നത്.