കോവിഡ് രോഗ വ്യാപനം ഉണ്ടാകരുതെന്ന് കരുതിയാണ് മുഖ്യമന്ത്രി സ്വന്തം കൈകൊണ്ട് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കാത്തതെന്ന് മന്ത്രി എ.കെ.ബാലന്‍. അന്യന് രോഗം പകരണമെന്ന അധമ ബോധം കൊണ്ടാണ് അവാര്‍ഡ് വിതരണം ചെയ്ത രീതിയെ പ്രതിപക്ഷ നേതാവ് അടക്കം വിമര്‍ശിച്ചതെന്നും എ.കെ ബാലന്‍ കുറ്റപ്പെടുത്തി. മറ്റുള്ളവരില്‍ നിന്ന് തനിക്കോ തന്നില്‍ നിന്ന് മറ്റുള്ളവര്‍ക്കോ രോഗമുണ്ടാകരുതെന്ന സദുദ്ദേശത്തോട് കൂടിയാണ് മുഖ്യമന്ത്രി പുരസ്‌കാരം കൈകൊണ്ട് നല്‍കാഞ്ഞതെന്നും മന്ത്രി പറഞ്ഞു

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പുരസ്‌കാരം മേശമേല്‍ വെച്ച് നല്‍കിയത്. അവാര്‍ഡ് ഫലകം മുഖ്യമന്ത്രി ജേതാക്കളുടെ കൈയില്‍ സമ്മാനിക്കാത്തതിനെതിരെ സിനിമാ രാഷ്ട്രീയമേഖലയിലുള്ളവര്‍ രംഗത്തെത്തി. മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കളെ അപമാനിച്ചെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശം. 

അതേ സമയം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ചെന്നിത്തലയുടെ ജാഥയെന്നും ഓരോ സ്വീകരണ യോഗങ്ങളും കോവിഡ് ക്ലസ്റ്ററായി മാറുമെന്നും എ.കെ.ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു