ചെക്കുകേസിൽ മുൻ എം.പി.യും നടനും സമത്വ മക്കൾ കക്ഷിനേതാവുമായ ശരത്കുമാറിനും ഭാര്യയും നടിയുമായ രാധികയ്ക്കും പ്രത്യേക കോടതി ഒരുവർഷം തടവും അഞ്ചുകോടി രൂപ പിഴയും വിധിച്ചു. എം.പി.മാർക്കും എം.എൽ.എ.മാർക്കും എതിരേയുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജി എൻ. അലിസിയയാണ് ശിക്ഷ വിധിച്ചത്.

ചെക്കു കേസിൽ ഉടനെ പരിഹാരമുണ്ടാക്കുമെന്ന് ശരത്കുമാർ അറിയിച്ചതിനാൽ ശിക്ഷ നടപ്പാക്കുന്നത് കോടതി താത്കാലികമായി നിർത്തിവെച്ചു. ശരത്കുമാർ, രാധിക, ലിസ്റ്റിൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് കമ്പനി ധനകാര്യസ്ഥാപനമായ റേഡിയൻസ് മീഡിയയിൽനിന്ന് 2015-ൽ ഒന്നരക്കോടി രൂപ കടം വാങ്ങിയിരുന്നു.

മൂന്നാളുടെയും പേരിൽ 50 ലക്ഷം രൂപ വീതമാണ് കടം വാങ്ങിയിരുന്നത്. ശരത്കുമാർ ഉൾപ്പെടെ മൂന്നുപേരും 10 ലക്ഷത്തിന്റെ അഞ്ചു ചെക്കുകൾ വീതമാണ് ധനകാര്യ സ്ഥാപനത്തിന് നൽകിയത്. ചെക്കുകളെല്ലാം ബാങ്കിൽ സമർപ്പിച്ചപ്പോൾ മടങ്ങി. തുടർന്ന് ശരത്കുമാറിനും രാധികയ്ക്കുമെതിരേ കമ്പനി സൈദാപ്പേട്ട ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കേസ് നൽകി. കേസിൽ ആറുമാസത്തിനകം തീർപ്പുകല്പിക്കുമെന്നും കോടതി ഉത്തരവിട്ടു. എന്നാൽ, കേസ് പിന്നീട് എം.പി., എം.എൽ.എ.മാർ എന്നിവർക്ക് എതിരേയുള്ള കേസുകളിൽ വാദം കേൾക്കുന്ന പ്രത്യേക കോടതിയിലേക്ക് മാറ്റി. കേസ് ബുധനാഴ്ച പരിഗണനയ്ക്ക് വന്നപ്പോഴാണ് ജഡ്ജി ശിക്ഷവിധിച്ചത്.