ഇന്ത്യയില്‍ കോവിഡ് 19 സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും അങ്ങനെ പരാമര്‍ശമുണ്ടായ മുന്‍ റിപ്പോര്‍ട്ടില്‍ പിശകുപറ്റിയതാണെന്നും ലോകാരോഗ്യ സംഘടന. കോവിഡ് 19 ബാധിച്ച രാജ്യങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ സാമൂഹിക വ്യാപനം നടന്നുവെന്ന് രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യയില്‍ ഒരു കൂട്ടം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അത് സാമൂഹിക വ്യാപനമല്ല എന്ന് ലോകാരോഗ്യ സംഘടനാ വക്താവ് വ്യക്തമാക്കി.
എന്നാല്‍ പഞ്ചാബില്‍ സാമൂഹിക വ്യാപനം നടന്നുവെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറയുന്നത്. രോഗം ബാധയുണ്ടായതിന്റെ കൃത്യമായ ഉറവിടം ലഭിക്കാത്ത 27 കേസുകള്‍ പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ 27പേരും വിദേശ യാത്ര നടത്തിയവരോ, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുമായി അടുത്തിടപഴകിയവരോ അല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.