കൊച്ചി: സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ സ്വകാര്യ മേഖലയില്‍ ലഭ്യമായിത്തുടങ്ങി. അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയാണ് കേരളത്തില്‍ ആദ്യമായി 18+ കാറ്റഗറിയില്‍ ഉള്ളവര്‍ക്ക് വാക്‌സിന്‍ എത്തിച്ചിരിക്കുന്നത്.

ഇന്നാരംഭിച്ച വാക്‌സിനേഷന്റെ ഉദ്ഘാടനം അങ്കമാലി എംഎല്‍എ റോജി എം. ജോണും എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസും ചേര്‍ന്ന് നിര്‍വഹിച്ചു. റോജി എം. ജോണ്‍ എംഎല്‍എ ആദ്യ ഡോസ് സ്വീകരിച്ചു. വാക്‌സിനേഷന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ആവുമെന്ന് എംഎല്‍എ പറഞ്ഞു.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിനാണ് അപ്പോളോ എത്തിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു, ഉമംഗ്, കോവിന്‍ ആപ്പുകള്‍ വഴി വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യാം. 1250 രൂപയാണ് ഒരു ഡോസ് വാക്‌സിന് ആശുപത്രി ഈടാക്കുന്നത്. പ്രതിദിനം 200 പേര്‍ക്ക് വാക്‌സിന്‍ നല്‍കും.

നിലവില്‍ ഓപ്പണ്‍ ചെയ്ത 1000 ഡോസുകള്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ലോട്ടുകള്‍ ഓപ്പണാകും. അപ്പോളോ ഗ്രൂപ്പ് ഇന്ത്യയിലൊട്ടാകെയുള്ള തങ്ങളുടെ ആശുപത്രി ശ്യംഖലയ്ക്കായി നിലവില്‍ അമ്പതിനായിരം ഡോസുകള്‍  വാങ്ങിയിട്ടുണ്ടെന്നും അതില്‍ 5000 ഡോസുകളാണ് അങ്കമാലിയിലെ അപ്പോളോ അഡ്‌ലക്‌സിന് നല്‍കിയിരിക്കുന്നതെന്നും സിഇഒ പി. നീലകണ്ണന്‍ അറിയിച്ചു.