കാലടിയില്‍ പുതിയ പാലം യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് സൈക്കിള്‍ ചവിട്ടുകയാണ് ഒക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളിയും സംഘവും. ഞായറാഴ്ച ഒക്കലില്‍ നിന്നും യാത്രയാരംഭിച്ച 13 അംഗ സംഘം ചൊവ്വാഴ്ചയോടെ തിരുവനന്തപുരത്തെത്തി എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ മന്ത്രിയെ കണ്ട് ആവശ്യമുന്നയിക്കും.

എംസി റോഡില്‍ അങ്കമാലിയെയും പെരുമ്പാവൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണ് കാലടിയിലേത്. വാഹനപ്പെരുപ്പം കൊണ്ടും ശോചനീയാവസ്ഥ മൂലവും ഗതാഗതക്കുരുക്ക് പതിവായ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്.