കൊച്ചി: കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം ദേശീയപാതയിലെ കാനയിൽ ബൈക്ക് യാത്രികനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി നോബിൾ റിബെറോയുടെ (39) മൃതദേഹമാണ് കാനയിൽ നിന്ന് ലഭിച്ചത്. ഇയാൾ സഞ്ചരിച്ച ബൈക്കും കാനയിൽ വീണ നിലയിലായിരുന്നു. അപകടമാണെന്നാണ് പ്രാഥമിക നിഗമനം.

ചേരാനെല്ലൂരിലെ പച്ചക്കറിക്കടയിൽ ജോലി ചെയ്യുന്ന നോബിൾ വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. കനത്ത മഴയിൽ നിയന്ത്രണം വിട്ട് കാനയിൽ വീണതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. മറ്റേതെങ്കിലും വാഹനം ഇടിച്ചു വീഴ്ത്തിയതാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

അപകടമുണ്ടായ ഭാഗത്ത് റോഡും കാനയും ഒരേ നിരപ്പിലാണെന്നും കാനയ്ക്ക് മേൽ സ്ലാബുകളില്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. അറ്റകുറ്റപ്പണികൾ നടത്താത്തത് ദേശീയപാത അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണവുമുണ്ട്.

മൃതദേഹം മേൽനടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പനങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലാജിയാണ് മരിച്ച നോബിളിന്റെ ഭാര്യ. മക്കൾ: ലനറൽ സൈമൺ റിബെറോ, ലിയനാർഡ് സൈമൺ റിബെറോ.