കയ്യിൽ വടി കിട്ടിയതു കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്ന് മൂവാറ്റുപുഴ കടാതിയിൽ കവർച്ചയ്ക്കെത്തിയ നാടോടി സ്ത്രീയുടെ ആക്രമണത്തിനിരയായ പെൺകുട്ടി. ചൊവ്വാഴ്ച പകൽ പെൺകുട്ടി വീട്ടിൽ തനിച്ചുള്ള സമയത്താണ് കവർച്ചാശ്രമം നടന്നത്. നിയമവിദ്യാർഥിനിയായ പെൺകുട്ടി ഓൺലൈൻ ക്ലാസിനിടെ അടുത്ത മുറിയിൽ ശബ്ദം കേട്ട് എത്തിയപ്പോഴാണ് സംഭവം കണ്ടത്. തടയാൻ ശ്രമിച്ച പെൺകുട്ടിയെ നാടോടി സ്ത്രീ ആക്രമിക്കുകയായിരുന്നു.

പിൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. പകൽ വീടുകൾ നിരീക്ഷിച്ച് കവർച്ച നടത്തുന്ന സംഘം സ്ഥലത്ത് എത്തിയിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു. കവർച്ച നടന്ന വീടിന്റെ മുകളിലത്തെ നിലയിലെ വാതിലിന്റെ കുറ്റി കഴിഞ്ഞ ദിവസം പുറത്തുനിന്ന് അടച്ച നിലയിൽ കണ്ടെത്തിയത് സംശയം ബലപ്പെടുത്തുന്നു. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.