കൊച്ചി: കോവിഡില്‍ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറഞ്ഞാല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കടലാക്രമണത്തില്‍ തകര്‍ന്ന ഫോര്‍ട്ടുകൊച്ചി സൗത്ത് ബീച്ച് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോവിഡില്‍ ഏറ്റവും കൂടുതല്‍ ആഘാതമേറ്റ മേഖലകളില്‍ ഒന്നാണ് ടൂറിസം. ടൂറിസം മേഖലയെ വേഗത്തില്‍ തിരിച്ചു കൊണ്ടുവരേണ്ടത് ആവശ്യമാണ്. ഗൈഡുകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വാക്‌സിനേഷന്‍ ഉടനെ പൂര്‍ത്തിയാക്കും. ഇത് ടൂറിസ്റ്റുകള്‍ക്കും ആത്മവിശ്വാസം നല്‍കും. നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് തുടര്‍പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

ഫോര്‍ട്ട് കൊച്ചിയെ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ച ഫ്‌ളോട്ടിങ് കൂത്തമ്പലം, ടോയ്‌ലറ്റ് സമുച്ചയം തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും ചര്‍ച്ച ചെയ്തതായി മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന കെ.ജെ. മാക്‌സി എം.എല്‍.എ. പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ ബെനഡിക്റ്റ് ഫെര്‍ണാണ്ടസും ഒപ്പമുണ്ടായിരുന്നു.