ബാങ്കിൽ നിന്നെടുത്ത വായ്പ മൂലം വീട് നഷ്ടമാകുമോ എന്ന ആശങ്കയിലായിരുന്നു ഇന്നലെ വരെ ആമിനുമ്മയുടെ കുടുംബം. എന്നാൽ, ഈ വീട് സ്വന്തമാണെന്ന ഉറപ്പോടെയാണവർ ഇപ്പോൾ അന്തിയുറങ്ങുന്നത്. 3.81 ലക്ഷം രൂപയടച്ച് വ്യവസായി യൂസഫലിയാണ് ആമിനുമ്മയുടെ വീട് വീണ്ടെടുത്ത് നൽകിയത്.

കഴിഞ്ഞ ദിവസം ആമിനുമ്മ യൂസഫലിയെ കണ്ട് സങ്കടം പറയുകയും ജപ്തി ഒഴിവാക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തിരുന്നു. അടുത്ത ദിവസം തന്നെ ലുലു ഗ്രൂപ്പ് ജീവനക്കാർ ആമിനുമ്മയുടെ വീട്ടിലെത്തി. ഭർത്താവ് സെയ്ദ് മുഹമ്മദിനെയും കൂട്ടി ബാങ്കിലെ ഇടപാടുകൾ തീർത്തു. 

മൂന്ന് പെൺമക്കളുള്ള സെയ്ദ് മുഹഹമ്മദും ആമിനയും ഇളയ മകളുടെ വിവാഹത്തിനായെടുത്ത വായ്പയാണ് ജപ്തി വരെ എത്തിയത്. സെയ്ദ് മുഹമ്മദ് ക്യാൻസർ രോഗി ആയതോടെ അടവുകൾ മുടങ്ങി പലിശയേറുകയായിരുന്നു. സെയ്ദ് മുഹമ്മദിന്റെ ചികിത്സയ്ക്കും മറ്റുമായി അൻപതിനായിരം രൂപയും കൈമാറിയാണ് യൂസഫലിയുടെ ജീവനക്കാർ ഇവിടെനിന്ന് മടങ്ങിയത്.