കൊച്ചി: ശക്തമായ കാറ്റിലും മഴയിലും എറണാകുളം ജില്ലയിൽ വ്യാപക നാശനഷ്ടം. പറവൂർ, കുന്നത്തുനാട്, കാലടി, അങ്കമാലി, ആലുവ തുടങ്ങിയ ഇടങ്ങളിൽ മരങ്ങൾ കടപുഴകി നിരവധി വീടുകൾ തകർന്നു. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പലയിടത്തും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. 

ജില്ലയുടെ കിഴക്കൻ മേഖലയിൽ പുലർച്ചെ ശക്തമായ ശബ്ദത്തോടെ ചുഴലിക്കാറ്റ് വീശിയതായി പ്രദേശവാസികൾ പറഞ്ഞു. വൈപ്പിനിൽ കാറ്റിൽ വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി. കോതമംഗലത്ത് രാത്രിയും പകലും പെയ്ത ശക്തമായ മഴയിൽ മണികണ്ഠംചാൽ ചപ്പാത്ത് മുങ്ങി ആദിവാസി കുടികൾ ഒറ്റപ്പെട്ടു. മേഖലയിൽ വെള്ളക്കെട്ട് ഉയർന്നുവരികയാണ്.

നാശനഷ്ടങ്ങൾ സംബന്ധിച്ച് ജില്ലാ ഭരണകൂടം പുറത്തുവിട്ട റിപ്പോർട്ട്
  
കനത്ത മഴയിലും ശകതമായ കാറ്റിലും പറവൂർ താലൂക്കിലെ ആലങ്ങാട്, കോട്ടുവള്ളി, കരുമാലൂർ വില്ലേജുകളിൽ വ്യാപക നാശനഷ്ടം നേരിട്ടു. പ്രാഥമിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ കോട്ടുവള്ളി വില്ലേജിൽ 40 വീടുകൾ പൂർണമായും 102 വീടുകൾ ഭാഗികമായും തകർന്നു. ആലങ്ങാട് വില്ലേജിൽ 122 വീടുകളും കരുമാലൂർ വില്ലേജിൽ 18 വീടുകളും ഭാഗികമായി തകർന്നു. 

ശക്തമായ കാറ്റിൽ മരങ്ങൾ വീണാണ് ഭൂരിഭാഗം വീടുകൾക്കും നാശനഷ്ടം സംഭവിച്ചത്. പറവൂർ താലൂക്കിലെ മൂന്ന് വില്ലേജുകളിലായി 50 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. കെ.എസ്.ഇ.ബി യുടെ വിവിധ സാമഗ്രികൾക്കും ശക്തമായ കാറ്റിൽ നാശനഷ്ടങ്ങൾ നേരിട്ടു.

മൂവാറ്റുപുഴ താലൂക്കിലെ ഏനാനെല്ലൂർ, കല്ലൂർക്കാട് വില്ലേജുകളിൽ നിരവധി വീടുകൾക്ക് നാശനഷ്ടം നേരിട്ടു. ഏനാനെല്ലൂർ വില്ലേജ് 12-ാം വാർഡിൽ രണ്ട് വീടുകൾ പൂർണമായും അഞ്ച് വീടുകൾ ഭാഗികമായും തകർന്നതായാണ് പ്രാഥമിക വിലയിരുത്തൽ. കുന്നത്തുനാട് താലൂക്കിൽ രണ്ട് വീടുകൾ പൂർണമായും 25 വീടുകൾ ഭാഗികമായും തകർന്നു . ആലുവ താലൂക്കിൽ മറ്റൂർ വില്ലേജിൽ വീടിന് മുകളിൽ മരംവീണ് ഭാഗിക നാശനഷ്ടം നേരിട്ടു. കൊച്ചി താലൂക്കിൽ നായരമ്പലം വില്ലേജിൽ ഒരു വീട് ഭാഗികമായി തകർന്നു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യം ജില്ലയിലെവിടെയും നിലവിലില്ല.