കൊച്ചി: പരമ്പരാഗതമായി കൈമാറിക്കിട്ടിയ ഭൂമിയുടെ രേഖകൾ, 25 വർഷം മുമ്പുണ്ടായ തീപ്പിടിത്തത്തിൽ നശിച്ചുപേയതിനാൽ സ്വന്തമായുണ്ടാക്കിയ വീടിന് നമ്പറോ വൈദ്യുതിയോ ലഭിക്കാത്ത അ‌വസ്ഥയിലായിരുന്നു പിറവം എടയ്ക്കാട്ടുവയൽ സ്വദേശിയായ സുമേഷ്. കൂലിത്തൊഴിലാളിയായ സുമേഷും ഭാര്യ അ‌നുവും പരിഹാരത്തിനായി വർഷങ്ങളോളം ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഒന്നും ഫലവത്തായില്ല.

കഴിഞ്ഞ വർഷം ക്ലാസ്സുകൾ ഓൺലൈനായതോടെ ഇവരുടെ മക്കളായ അ‌ക്ഷയിനും (ഏഴാം ക്ലാസ്സ്) അ‌ക്ഷയക്കും (അ‌ഞ്ചാം ക്ലാസ്സ്) പഠനം പോലും മുന്നോട്ടു കൊണ്ടുപോകാനാവാത്ത അ‌വസ്ഥയായി. ഇതേത്തുടർന്ന്, വാർഡ് മെമ്പർ വഴി എംഎൽഎ അ‌നൂപ് ജേക്കബിനെ വിവരമറിയിക്കുകയും അ‌ദ്ദേഹം റെവന്യൂ വൈദ്യുതി വകുപ്പുകളിലേക്ക് കത്തു നൽകിയത് പ്രകാരം കരമടക്കാൻ അ‌നുവദിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജയകുമാർ നേരിട്ടെത്തി താൽക്കാലിക വീട്ടുനമ്പർ നൽകി. ഇവരുടെ ദുരിതമറിഞ്ഞ് പിറവം സ്വദേശിയായ റെജി പൈലി വൈദ്യുതി കണക്ഷനുള്ള ഡെപ്പോസിറ്റ് തുകയും കുട്ടികളുടെ പഠനാവശ്യത്തിനുള്ള ടെലിവിഷനും എത്തിച്ചുനൽകുകയും ചെയ്തു.