ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് എതിരായ പരാമർശത്തെ തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ആയിഷ സുൽത്താനയ്ക്ക് പിന്തുണയുമായി സി.പി.ഐ. ആവശ്യമെങ്കിൽ അവർക്ക് നിയമസഹായം ലഭ്യമാക്കുമെന്ന് സി.പി.ഐ. എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു.

ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റിന്റെ പരാതിയിൽ കവരത്തി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ കുറ്റം ചുമത്തപ്പെടുന്ന ലക്ഷദ്വീപ് പൗരൻമാർക്ക് സൗജന്യ നിയമസഹായം നൽകാനായി 15 അംഗ അഭിഭാഷക പാനലും സി.പി.ഐ. രൂപീകരിച്ചിട്ടുണ്ട്. ആയിഷ സുൽത്താനയെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും അവർ തയ്യാറാണെങ്കിൽ കേസ് ഏറ്റെടുക്കാമെന്നും പി. രാജു വ്യക്തമാക്കി.