ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ചികിത്സാ കേന്ദ്രം അങ്കമാലി അഡ്‌ലക്‌സില്‍ ഒരുങ്ങി. 500 ബെഡുകളുള്ള ഈ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

കോവിഡ് ചികിത്സയ്ക്കാവശ്യമായ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ഡിഫിബ്രിലേറ്ററുകള്‍, എക്സ്റേ ജിഇ, മള്‍ട്ടി പാരമോണിട്ടര്‍ തുടങ്ങിയ സംവിധാനങ്ങളും ഇവിടെയുണ്ട്. കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനത്തില്‍ നിന്ന് ഓരോ കിടക്കയിലേക്കും ഓക്സിജന്‍, ട്യൂബ് വഴി നേരിട്ടെത്തും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം വാര്‍ഡുകളുമുണ്ട്. ഉടന്‍ തന്നെ ഇവിടെ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങാനാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ അറിയിച്ചു. 

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ആണ് സര്‍ക്കാരിനായി ചികിത്സാ കേന്ദ്രം ഒരുക്കിയത്. 2.20 കോടിരൂപ ചെലവിട്ടാണ് പദ്ധതിയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതും അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിച്ചതും. പത്ത് കമ്പനികളുടെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. കോവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയ വ്യവസായ ലോകത്തെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചു. 

ഈ പദ്ധതിയ്ക്ക് പുറമെ സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിഐഐയുടെ നേതൃത്വത്തില്‍ 9 ജില്ലകളിലെ 22 സര്‍ക്കാര്‍ ആശുപത്രികളില്‍ കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 15 സ്ഥാപനങ്ങളുടെ പിന്തുണയോടെ 1.34 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ ഈ പദ്ധതിയിലൂടെ 1150 ഓക്സിജന്‍ ബെഡ്ഡുകളാണ് പുതുതായി സൃഷ്ടിച്ചത്. കൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടു വാര്‍ഡുകള്‍ പൂര്‍ണ്ണ സംവിധാനങ്ങളുള്ള 200 ബെഡ്ഡുകളുടെ മെഡിക്കല്‍ ഐസിയു വാര്‍ഡുകളാക്കി. അംഗങ്ങളുടെ പിന്തുണയോടെ 2.8 കോടി ചെലവിട്ടാണ് സി.ഐ.ഐ. ഈ പദ്ധതി നടപ്പാക്കിയത്.