സിയാലിന്റെ ജലവൈദ്യുത പദ്ധതി അടുത്തമാസം മുതല്‍ പ്രവര്‍ത്തനക്ഷമമാകും. കോഴിക്കോട് ജില്ലയിലെ അരിപ്പാറയില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുത നിലയം നവംബര്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 30 മീറ്റര്‍ വീതിയില്‍ തടയണ കെട്ടി അവിടെ നിന്ന് അര കിലോ മീറ്റര്‍ അകലെയുള്ള അരിപ്പാറ പവര്‍ഹൗസിലേയ്ക്ക് പെന്‍സ്റ്റോക്ക് വഴി വെള്ളമെത്തിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്.

വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയപ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയ പദ്ധതി നദീജല പ്രവാഹത്തെ ആശ്രയിച്ചുള്ളതാണ്. പൂര്‍ണ്ണതോതില്‍ ഒഴുക്കുള്ള നിലയില്‍ ഇവിടെ പ്രതിദിനം 1.08 ലക്ഷം യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാനാകും. ഉത്പാദിപ്പിക്കുന്ന വൈദ്യുതി തത്സമയം കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേയ്ക്ക് നല്‍കും. 52 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവിട്ടിരിക്കുന്നത്.