കോതമംഗലം ചേലാട് പെരിയാര്‍ വാലി കനാല്‍ ബണ്ടില്‍ സ്റ്റുഡിയോ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച എല്‍ദോസ് പോളിന്റെ അയല്‍വാസി എല്‍ദോസ് ജോയിയെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കത്തിച്ചുകളഞ്ഞതായാണ് പ്രതികള്‍ പറയുന്നത്. ആയുധത്തിന്റെയും നശിപ്പിക്കപ്പെട്ട  മൊബൈല്‍ ഫോണിന്റെയും അവശിഷ്ടങ്ങള്‍ തെളിവെടുപ്പില്‍ കണ്ടെത്തിയിട്ടുണ്ട്.

കടം വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാനായിരുന്നു കൊലപാതകം. ഞായറാഴ്ച രാത്രി ഒരു കോള്‍ വന്നതിനെ തുടര്‍ന്ന് വീട്ടില്‍നിന്ന് പോയ എല്‍ദോസ് പോളിനെ പിറ്റേന്ന് രാവിലെ കനാല്‍ബണ്ടിനടുത്താണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തു തന്നെ സ്‌കൂട്ടര്‍ മറിഞ്ഞ നിലയില്‍ കിടന്നിരുന്നതിനാല്‍ അപകടമരണമെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്ക് പിന്നില്‍ സാരമായ പരിക്ക് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്.