- സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ക്ക് അനുമതി. ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. അധിക നിരക്ക് ആയിരിക്കും അന്തര്‍ ജില്ലാ സര്‍വീസുകള്‍ക്ക് ഈടാക്കുക. അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തത്കാലം അനുമതിയില്ല
- തിരുവനന്തപുരം ആനാട് ഗ്രാമപഞ്ചായത്തില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണിന് നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി
- രൂപയുടെ മൂല്യം കുത്തനെ ഉയര്‍ന്നു. ഓഹരി സൂചികകള്‍ കുതിച്ചതാണ് നേട്ടമായത്. ഡോളറിനെതിരെ രൂപയുടെമൂല്യം 75.29 നിലവാരത്തിലേയ്ക്കാണ് ഉയര്‍ന്നത്. ലോക്ഡൗണില്‍ നിന്ന്‌നി രാജ്യം ഘട്ടംഘട്ടമായി വിമുക്തമാകുന്നതിന്റെ സൂചനകളാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്.
- പഞ്ചാബില്‍നിന്ന് കേരളത്തിലേക്ക് നടന്നുപോവുകയായിരുന്ന മലയാളിയെ ഹരിയാണയില്‍ കൊള്ളയടിച്ചു. പിറവം സ്വദേശി പ്രദീപ് രാധാകൃഷ്ണനാണ് ഹരിയാണയില്‍ കവര്‍ച്ചയ്ക്കിരയായത്. പണവും രേഖകളും നഷ്ടപ്പെട്ട് ഡല്‍ഹിയിലെത്തിയ പ്രദീപിന് ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് അഭയം നല്‍കി.
- ആലപ്പുഴയില്‍ ഏരിയ കമ്മിറ്റിയംഗം ഉള്‍പ്പെടെ മൂന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പിടിയില്‍. സുമിത്ത് , രാഹുല്‍, ഇയാളുടെ സഹോദരന്‍ ഗോകുല്‍ എന്നിവരെയാണ് വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
- കൊല്ലം അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണം ഭര്‍ത്താവ് സൂരജ് കടത്തിയതായി പോലീസിന് സംശയം. ചോദ്യം ചെയ്യലില്‍ സ്വര്‍ണത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്താന്‍ സൂരജ് തയ്യാറാവാത്തതാണ് സ്വര്‍ണം ലോക്കറില്‍നിന്ന് കടത്തിയതായുള്ള സംശയം ബലപ്പെട്ടത്.
- ബാര്‍ബര്‍ ഷോപ്പടക്കം എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് രാജ്യം അണ്‍ലോക്ക്1-ലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. അതേസമയം, അതിര്‍ത്തികള്‍ ഒരാഴ്ച അടച്ചിടുമെന്നും പാസുള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.
- കൊറോണ മഹമാരിയുടെ പശ്ചാത്തലത്തില്‍ ടെലി മെഡിസിന്‍, PPE കിറ്റ്, IT ഉപകരണങ്ങള്‍ എന്നീ മൂന്ന് കാര്യങ്ങളില്‍ ജനങ്ങള്‍ പരമാവധി ചര്‍ച്ചയും പങ്കാളിത്തവും നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണക്കെതിരെ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരായ അക്രമം, ദുരുപയോഗം, മോശം പെരുമാറ്റം എന്നി ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
- ചാരവൃത്തിയില്‍ ഏര്‍പ്പെട്ടതിന് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ ലക്ഷ്യമിട്ടത് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ. ഇന്ത്യക്കാരാണെന്ന വ്യാജേന സൈനിക ഉദ്യോഗസ്ഥരുമായി അടുത്ത് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി വ്യാജ ആധാര്‍ കാര്‍ഡ് വരെ ഇവര്‍ ഉപയോഗിച്ചിരുന്നതായും ഡല്‍ഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
- ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ നീതി ആയോഗ് ഓഫീസ് അണുനശീകരണം നടത്തുന്നതിനായി സീല്‍ ചെയ്തു. നീതി ആയോഗ് ഓഫീസിന്റെ മൂന്നാം നിലയാണ് സീല്‍ ചെയ്തത്.