പതിനാല് മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം. ആനക്കാംപൊയിലില്‍ തേന്‍പാറ കുന്നിലെ 30 അടിയോളമുള്ള കിണറ്റില്‍ നിന്ന് സഹ്യന്റെ മകന് പുതുവര്‍ഷ ദിനം രാത്രി എട്ടുമണിയോടെ തിരിച്ച് ജീവിതത്തിലേക്ക്. തീറ്റ തേടിയിറങ്ങിയപ്പോള്‍ എങ്ങനെയോ കാല് തെറ്റി താഴേക്ക് പതിച്ചതാണ്. പിന്നെ ജീവന് വേണ്ടിയുള്ള അലര്‍ച്ചയായിരുന്നു.
ആനക്കാംപൊയിലില്‍ നിന്നും ചെങ്കുത്തായ കയറ്റം കയറി വേണം തേന്പാറയിലെത്താന്. ഒരു കാലത്ത് ഏറെ താമസക്കാരുണ്ടായിരുന്ന ഇവിടമിന്ന് കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്. അതു കൊണ്ട് തന്നെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കിണറ്റില്‍ കാട്ടാന വീണത് അത്ര പെട്ടെന്ന് ആരും അറിഞിട്ടുമുണ്ടായിരുന്നില്ല.
മുപ്പത്തിയൊന്നാം തീയ്യതി വൈകുന്നേരമാണ് ആന കിണറ്റില്‍ വീണ വിവരം ഫോറസ്റ്റ് ഓഫീസില്‍് ലഭിക്കുന്നത്. പിന്നെ പുതുവത്സര ദിനം രാവിലെ ആറ് മണി മുതല്‍ രക്ഷാ പ്രവര്‍ത്തനം. ചെങ്കുത്തായ കുന്നിലൂടെ വഴി വെട്ടി ജെ.സി.ബി. എത്തിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
കിണറിന് സമാന്തരമായി മറ്റൊരു ചാലു വെട്ടി ആനയ്ക്ക് വഴിയൊരുക്കി. പേടി കൊണ്ട് തളര്‍ന്നിരുന്നുവെങ്കിലും കരയ്ക്കെത്തിയതോടെ ആള് ഉഷാറായി. പിന്നെ കൂടെ നിന്നവരെ ഒന്ന് പേടിപ്പിച്ച് നേരെ കാട്ടിലേക്ക്.
കോഴിക്കോട് ഡി.എഫ്.ഒ. സിരേഷിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍മാര്‍, വിജിലന്‍സ്, ആര്.ആര്.ടി., കാട്ടാന പരിപാലന സംഘം എന്നിവരെല്ലാം കര്‍മ്മ നിരതരായി. 14 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കാട്ടാനയങ്ങനെ പുതിയ ജീവിതത്തിലേക്ക്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..