അടിയന്തരാവസ്ഥക്കാലത്ത് നേരിട്ട അതിക്രൂരമായ മർദനങ്ങൾ ഓർത്തെടുത്ത് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. പ്ലാന്റേഷൻ കോർപ്പറേഷൻ പേരാമ്പ്ര എസ്റ്റേറ്റിലെ സി.ഐ.ടി.യു യൂണിയൻ സെക്രട്ടറിയായിരുന്നു അന്ന് അദ്ദേഹം. അന്നത്തെ കായണ്ണ പോലീസ് സ്റ്റേഷൻ കൂരാച്ചുണ്ടിലായിരുന്നു. ഒരിക്കൽ സ്റ്റേഷൻ ആക്രമിക്കപ്പെട്ടു. നക്സലൈറ്റുകളാണ് ഇതിന് പിന്നിലെന്നാണ് പറഞ്ഞത്. സംഭവം നടന്നതിന്റെ പിറ്റേന്ന് ചോദ്യം ചെയ്യാനായി സ്റ്റേഷനിലെത്തിച്ച തങ്ങൾക്ക് അതിക്രൂരമായ മർദനമാണ് നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
"ആ ദിവസത്തേക്കുറിച്ച് ഓർക്കാൻ പോലും വയ്യ. ആദ്യ ദിവസം ലോക്കപ്പിൽ. പിറ്റേന്ന് വസ്ത്രം പോലുമില്ലാതെ പോലീസ് ക്യാമ്പിലേക്ക്. കൂടെയുണ്ടായിരുന്നയാൾക്ക് കുടിക്കാൻ വെള്ളം കൊടുത്തു എന്ന പേരിലായിരുന്നു മർദനം. അവിടത്തെ മർദനമുറകളിൽ ഒന്നുമാത്രമായിരുന്നു ഉരുട്ടൽ. പേരാമ്പ്ര എസ്റ്റേറ്റിൽ തൊഴിലാളികൾ യോഗം ചേരാറുണ്ടായിരുന്നു. ഇതെല്ലാം നക്സലൈറ്റ് യോഗങ്ങളാണെന്നായിരുന്നു പോലീസ് സ്ഥാപിക്കാൻ ശ്രമിച്ചത്. എന്റെ കയ്യിൽ നിന്ന് പ്രതീക്ഷിച്ച ഉത്തരമൊന്നും കിട്ടാതെ വന്നപ്പോൾ ഉരുട്ടിക്കളയാം എന്ന് പറഞ്ഞ് മറ്റൊരു മുറിയിലേക്ക് എറിഞ്ഞിരുന്നു. പിന്നെ എന്നെ എന്തൊക്കെയാണ് ചെയ്തതെന്ന് അറിയില്ല. ഒരു സർക്കിൾ ഇൻസ്പെക്ടർ പുറത്ത് കാലുകൊണ്ട് താളം ചവിട്ടി ഇളനീർ കഴിച്ചു. അത് തീർന്നപ്പോൾ പോകുന്ന പോക്കിൽ അതുവെച്ച് എറിഞ്ഞു. എന്റെ ബോധം മറഞ്ഞു"- ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
ജനാധിപത്യം ഉണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സത്യസന്ധമായി കാര്യങ്ങൾ ചെയ്യാനാണ് പാർട്ടി പഠിപ്പിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ 150 ഏക്കർ ഭൂമിയൊന്നും ഇല്ല. തറവാട്ടുവകയായി കിട്ടിയ 12 സെന്റേ സ്വന്തം പേരിലുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..