അരിവാള്‍ രോഗം വീണ്ടും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.എന്താണ് സിക്കിള്‍ സെല്‍ അനീമിയ അഥവാ അരിവാള്‍ രോഗം എന്നും എന്തൊക്കെയാണ് ലക്ഷണങ്ങളെന്നും അറിയാം
ചുവന്ന രക്താണുക്കളെ ബാധിക്കുന്ന പാരമ്പര്യ രോഗമാണ് അരിവാള്‍ രോഗം അഥവാ സിക്കിള്‍ സെല്‍ ഡിസീസ്. ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ കാണപ്പെട്ടേക്കാം. രോഗം ബാധിച്ചാല്‍ രക്താണുക്കള്‍ അരിവാള്‍ പോലെ കോടി പോവുന്നതിനാലാണ് ഈ രോഗത്തിന് അരിവാള്‍ രോഗമെന്ന് പേര് വന്നത്
ജനിതക പ്രശ്‌നമായ ഈ രോഗം ചുവന്ന രക്താണുക്കളെയാണ് ബാധിക്കുന്നത്. രക്താണുക്കള്‍ സാധാരണക്കാരില്‍ 120 ദിവസം ജീവിക്കുമ്പോള്‍ ഇവരില്‍ 30 മുതല്‍ 60 ദിവസങ്ങള്‍ മാത്രമായിരിക്കും ജീവിക്കുക. ഈ പ്രശ്നം ഇവരെ വിളര്‍ച്ചയിലേക്ക് (aneamia) നയിക്കും. ശ്വാസം മുട്ടല്‍, കൈ കാലുകളില്‍ വേദന, പനി, വയറുവേദന എന്നിവ ഈ രോഗികളില്‍ അനുഭവപ്പെടും. ബില്‍ റൂബിന്‍ കൂടുതലായി രക്തത്തില്‍ കാണപ്പെടുന്നതിനാല്‍ കണ്ണുകളില്‍ മഞ്ഞനിറം കാണപ്പെടും. എന്നാല്‍ ഇത് മഞ്ഞപ്പിത്തത്തില്‍ ഉള്‍പ്പെടുന്നതല്ല.
അരിവാള്‍ രോഗികളില്‍ ശാരീരിക വളര്‍ച്ചയില്ലായ്മയും ക്ഷീണവും സ്ട്രോക്കും ശ്വാസകോശ പ്രശ്നങ്ങളും കണ്ടേക്കാം. പാരമ്പര്യമായി ഈ രോഗത്തിനടിപ്പെട്ടയാള്‍ക്ക് മഴയോ, തണുപ്പോ ഏറ്റാല്‍ ശക്തമായ പനിയും അസഹ്യമായ ശരീരവേദനയും അനുഭവപ്പെടാം.
നല്ല ആരോഗ്യമുള്ള ഒരാള്‍ക്ക് പോലും ഈ രോഗം ബാധിച്ചാല്‍ പെട്ടന്ന് പ്രതിരോധിക്കാനാകില്ല. കൂടാതെ ഈ രോഗം ബാധിച്ചവര്‍ക്ക് മറ്റ് അനുബന്ധരോഗങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം രോഗികള്‍ക്ക് ജീവിതകാലം മുഴുവന്‍ പ്രത്യേക പരിചരണം ആവശ്യമാണ്. ദൈര്‍ഘ്യമുള്ള ചികിത്സകള്‍ അനുബന്ധ അസുഖങ്ങളെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കും
അരിവാള്‍ രോഗം ചികില്‍സിച്ച് ഭേദമാക്കാന്‍ സാധിക്കില്ല. ഫോളിക് ആസിഡ് വിറ്റാമിന്‍ നല്‍കുന്നതിലൂടെ രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സാധിക്കും. കുട്ടികളില്‍ അസ്ഥി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഫലം കണ്ടിട്ടുണ്ട്. നിക്കോസാന്‍ പോലുള്ള ഫൈറ്റോ കെമിക്കലുകള്‍ ഉപയോഗിച്ചുള്ള ചികില്‍സ ആരംഭമായിട്ടുണ്ടെങ്കിലും പൂര്‍ണതയിലേക്ക് എത്തിയിട്ടില്ല. ജീന്‍ തെറാപ്പി കൊണ്ടും ചികിത്സ സാധ്യമാണെങ്കിലും ഇതും പരീക്ഷണഘട്ടത്തിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..