ജോലി തട്ടിപ്പ് കേസില്‍ സരിത എസ്. നായര്‍ക്ക് മുഖ്യപങ്കെന്ന് വ്യക്തമാക്കി ഒന്നാം പ്രതി രതീഷ്. സരിതാ നായര്‍ ഉള്‍പ്പെട്ട ജോലി തട്ടിപ്പ് കേസില്‍ ഒന്നാംപ്രതിയായ രതീഷ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് തട്ടിപ്പിന് പിന്നില്‍ സരിതയാണെന്ന ആരോപണം. പണം വാങ്ങി വ്യാജ നിയമന ഉത്തരവ് നല്‍കിയത് സരിതയും ഷാജു പാലിയോടും ചേര്‍ന്നാണെന്നാണ് രതീഷിന്റെ ആരോപണം.
സരിത പരാതിക്കാരന് മൂന്നു ലക്ഷം രൂപയുടെ ചെക്ക് നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു. കുന്നത്തുങ്കല്‍ പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം കൂടിയാണ് രതീഷ്. സുഹൃത്തെന്ന നിലയില്‍ പരാതിക്കാരനുമായി 2018 വരെ സാമ്പത്തിക ഇടപാട് നടത്തിയിരുന്നുവെന്നും എന്നാല്‍ ജോലി വാഗ്ദാനം നല്‍കിയത് പരാതിക്കാരനായ അരുണിന്റെ മറ്റൊരു സുഹൃത്തായ ഷാജു പാലിയോട് ആണെന്നും രതീഷ് പറയുന്നു.
പരാതിക്കാരന്‍ പണം നല്‍കിയത് സരിതയുടെ ബാങ്ക് അക്കൗണ്ടിലേക്കാണെന്നും നാലോ അഞ്ചോ ലക്ഷം രൂപയാണ് സരിതയ്ക്ക് നല്‍കിയതെന്നും രതീഷ് പറയുന്നു. കേസിലെ പ്രതി ഷാജുപാലിയോടും സരിതയും ചേര്‍ന്നാണ് ബിവറേജസ് കോര്‍പറേഷന്റെ പേരിലടക്കം നിയമന ഉത്തരവ് നല്‍കിയതെന്നും തട്ടിപ്പ് തിരിച്ചറിഞ്ഞ് പണം തിരികെ ചോദിച്ചപ്പോള്‍ സരിത വിളപ്പില്‍ സര്‍വീസ് സഹകരണബാങ്കിന്റെ പേരില്‍ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് അരുണിന് നല്‍കിയതായും പറയപ്പെടുന്നു.
ബാക്കി പണം ലഭിക്കാന്‍ പ്രതികള്‍ക്ക് മേല്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. ഇതിനായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെ തനിക്കെതിരെ പരാതി നല്‍കിയതെന്നും രതീഷ് ആരോപിക്കുന്നു. കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ഇരയാണ് താനെന്നാണ് രതീഷിന്റെ വാദം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..