ആലപ്പാട് /കരുനാഗപ്പള്ളി : സുനാമി തകർത്ത തീരത്തെ ശ്രായിക്കാട് ഗവ.ഹരിജൻ വെൽഫയർ എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്ക് അത് സ്വപ്നതുല്യമായ നിമിഷങ്ങളായിരുന്നു. രാജ്യത്തിന്റെ രാഷ്ട്രപതി തങ്ങളുടെ സ്കൂളിന് മുന്നിലേക്കിറങ്ങി വരിക, ചോക്ലേറ്റുകൾ നൽകുക...കുരുന്നുമനസുകളിൽ ആ അസുലഭ ഭാഗ്യത്തിന്റെ ആഹ്ലാദങ്ങൾ അടങ്ങുന്നില്ല. മാതാ അമൃതാനന്ദമയീ മഠത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു തിരികെ പോകുമ്പോഴാണ് സ്കൂളിന് മുന്നിൽ അപ്രതീക്ഷിതമായി ഇറങ്ങിയത്.
മഠത്തിലേക്ക് പോകുന്ന വേളയിൽ കടൽത്തീരത്തെ എൽ.പി.എസിന് മുന്നിൽ 'പ്രിയപ്പെട്ട രാഷ്ട്രപതിക്ക്' സ്വാഗതം’ എന്നെഴുതിയ പ്ലക്കാർഡും ബാനറും ഉയർത്തിപ്പിടിച്ച് കുട്ടികൾ കൈവീശി നിൽക്കുന്നത് രാഷ്ടപതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മടങ്ങിവരികെ അപ്രതീക്ഷിതമായി വാഹനം പെട്ടെന്ന് നിർത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി കാറിന്റെ ഡോർ തുറന്നു. കാറിൽ നിന്നിറങ്ങിയ രാഷ്ട്രപതി നിറഞ്ഞ പുഞ്ചിരിയുമായി വിദ്യാർഥികൾക്ക് അരികിലേക്കെത്തി. അവരുടെ കരം ഗ്രഹിച്ചു. ഒപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോട് കാറിൽ നിന്ന് ബാഗ് എടുക്കാനും നിർദേശിച്ചു.
ബാഗിൽ നിന്നുള്ള ചോക്ലേറ്റുകൾ രാഷ്ട്രപതി വാങ്ങി വിദ്യാർഥികൾക്ക് നൽകി.കുട്ടികൾ കരഘോഷത്തോടെ നന്ദി പറഞ്ഞപ്പോൾ രാഷ്ട്രപതി അവർക്ക് ആശംസകൾ നേര്ന്ന് കൈകൂപ്പിയ ശേഷമാണ് യാത്ര തുടർന്നത്. കിട്ടിയ ചോക്ലേറ്റുകൾ നിധിപോലെ സൂക്ഷിക്കുകയാണ് വിദ്യാർഥികൾ. പ്രഥമാധ്യാപിക ശ്രീകുമാരിയും അധ്യാപകൻ ഷിബുവും മറ്റ് അധ്യാപകരുമാണ് ഒപ്പം ഉണ്ടായിരുന്നത്. തങ്ങളുടെ വിദ്യാർഥികൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് രാഷ്ട്രപതിയുടെ സന്ദർശനമെന്ന് അധ്യാപകർ പറയുന്നു. 2004 ഡിസംബർ 26 ലെ സുനാമി ദുരന്തം തകർത്തെറിഞ്ഞ പ്രദേശമാണ് അഴീക്കൽ- സ്രായിക്കാട് കടൽത്തീരം. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഒരു വർഷത്തോളം മാറ്റിപ്പാർപ്പിച്ചിരുന്നത് സ്രായിക്കാട് സ്കൂളിലെ പ്രത്യേക കേന്ദ്രത്തിലായിരുന്നു.
Content Highlights: President Droupadi Murmu visits Srayikkadavu harijan welfare lp school
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..