കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിന് ലീഗ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ വിമര്‍ശവുമായി സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍. ഇത്തരം നടപടികള്‍ ലീഗും യു.ഡി.എഫും ചെന്നുപെട്ടിട്ടുള്ള ആശയക്കുഴപ്പത്തിന്റെ സൂചനയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഇത്തരം സംയുക്ത സമരത്തെ പിന്തുണച്ചവരാണ് ലീഗ് നേതൃത്വം. കുഞ്ഞാലിക്കുട്ടിയെ പോലുള്ള മുതിര്‍ന്ന നേതാക്കളായിരുന്നു ഇത്തരം സമരത്തെ വളരെയധികം പിന്തുണച്ചത്. എന്നാല്‍, കെ.പി.എ മജീദിനെ പോലുള്ളവര്‍ ഇപ്പോള്‍ എതിര്‍പ്പുമായി വന്നിരിക്കുകയാണ്. ഇതാണ് ആശയക്കുഴപ്പത്തിലാണെന്ന് പറയാന്‍ കാരണം.
മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിന് ലീഗ് നേതാക്കള്‍ക്കെതിരേ നടപടിയെടുക്കുകയാണെങ്കില്‍ ഒരു കെ.എം ബഷീറില്‍ ഒതുങ്ങില്ല. അത്രത്തോളം ലീഗ് നേതാക്കളും പ്രവര്‍ത്തകരുമാണ് പങ്കെടുത്തത്. ഭരണഘടന തന്നെ അട്ടിമറിക്കപ്പെടുന്ന സാഹചര്യം വന്നപ്പോഴാണ് ജനങ്ങള്‍ ഒന്നടങ്കം സമരത്തില്‍ ഇറങ്ങിയത്. അതുകൊണ്ടാണ് രാഷ്ട്രീയം മറന്ന് ആളുകളെത്തിയത്. പക്ഷെ ഈ വിഷയത്തില്‍ പോലും യോജിച്ച് നില്‍ക്കാന്‍ ലീഗിന് കഴിയുന്നില്ലെന്നും പി. മോഹനന്‍ പറഞ്ഞു.
ഇതൊരു രാഷ്ട്രീയ വിഷയമായിട്ടല്ല സിപിഎമ്മും ഇടതുപക്ഷവും കാണുന്നത്. രാജ്യം ഇപ്പോഴുള്ളതുപോലെ നിലനിന്ന് പോകണമെങ്കില്‍ സമരം മാത്രമാണ് പോംവഴി എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതില്‍ ഇടതു പക്ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് ഇടതു പക്ഷത്തിന് പിന്നില്‍ ജനങ്ങള്‍ അണി നിരന്നതെന്നും ഇതില്‍ വേവലാതിപ്പെട്ടിട്ട് കാര്യമില്ലെന്നും പി.മോഹനന്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..