കോഴിക്കോട്: കോവിഡ് 19 ഭീതിക്കിടെ ജില്ലയില്‍ മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് ജില്ലാ ആരോഗ്യ വിഭാഗം. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ വീട്ടിലിരിക്കുന്ന സാഹചര്യത്തില്‍ മഞ്ഞപ്പിത്തം വന്നാല്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് സ്വയം ചികിത്സയോ ലക്ഷണം കണ്ടാല്‍ ചികിത്സ തേടുന്നതില്‍ അമാന്തം കാണിക്കുന്നതോ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് കോഴിക്കോട് ഡി.എം.ഒ ഡോ.വി.ജയശ്രീ അറിയിച്ചു.
കഴിഞ്ഞദിവസം താമരശ്ശേരിയില്‍ ഒരാള്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതോടെ കൂടുതല്‍ മരുകരുതലുകള്‍ സ്വീകരിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. താമരശ്ശേരി, കുന്ദമംഗലം, ചങ്ങരോത്ത്, തിരുവമ്പാടി തുടങ്ങിയ പ്രദേശങ്ങളിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) പടരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന വന്നിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇതിന് പുറമെ പലയിടങ്ങളിലും വേനല്‍ മഴ കനത്തിനാല്‍ ഡെങ്കിപ്പനിക്കുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. ഇതും ആശങ്കയുണ്ടാക്കുന്നതാണ്. ആളുകള്‍ വീട്ടിലിരിക്കുന്ന സമയത്ത് പരിസര ശുചിത്വത്തിന് പ്രാധാന്യം കൊടുക്കുകയും മലിന ജലം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഇല്ലാതാക്കണമെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. മലയോര മേഖല കൂടുതലുള്ള ജില്ലയായതിനാല്‍ മഴ വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യവും ഇവിടെ മറ്റ് സ്ഥലങ്ങളേക്കാള്‍ ഏറെയാണ്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. റബ്ബര്‍ പാല്‍ ശേഖരിക്കുന്ന ചിരട്ടകള്‍ ടാങ്കുകള്‍ എന്നിവയിലെല്ലാം കൊതുക് മുട്ടയിട്ട് വളരാനുള്ള സാധ്യത ഏറെയാണ്. ആയതിനാല്‍ ഇത് ദിവസേന ശ്രദ്ധിക്കേണ്ടത് ഈ സമയത്ത് അത്യാവശ്യമാണ്. കൊറോണയുടെ കൂടെ പശ്ചാത്തലത്തില്‍ ശുചിത്വത്തിന് ഏറെ പ്രാധാന്യം കൊടുക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മഞ്ഞപ്പിത്തം ലക്ഷണങ്ങള്‍
ശരീരവേദനയോടെയുള്ള പനി, തലവേദന, ഛര്‍ദി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മൂത്രത്തിലും കണ്ണിലും മഞ്ഞനിറം
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുക
- തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക
- ശുദ്ധമായ വെള്ളം ഉപയോഗിച്ചുള്ള ശീതള പാനീയങ്ങള്‍ ഉപയോഗിക്കുക
- പാചകം ചെയ്യാനുപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാണെന്ന് ഉറപ്പുവരുത്തുക
- പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക
- തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കുക.
- മലമൂത്രവിസര്‍ജനത്തിനുശേഷം കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
- രോഗം ബാധിച്ചവരും ഭേദമായവരും ആഹാരപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കുക
- ഭക്ഷണപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അസുഖങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക.?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..