വെള്ളയൂര്‍ ഗ്രാമത്തിലെ ആയിരത്തിലേറെ വീടുകളില്‍ പുതുവര്‍ഷസമ്മാനമെത്തി. സ്വന്തം മക്കള്‍തന്നെയാണ് അപ്രതീക്ഷിത സമ്മാനപ്പൊതിയുമായി വീടുകളിലെത്തിയത്. സമ്മാനപ്പൊതിയില്‍ ആ കുട്ടികളുടെ വര്‍ണംചാലിച്ച കൈമുദ്ര ആലേഖനംചെയ്ത ചിത്രം.വെള്ളയൂര്‍ കെ.എം.എസ്.എന്‍.എം.യു.പി. സ്‌കൂളിലെ കുട്ടികളാണ് വേറിട്ട ക്രിസ്മസ്-പുതുവര്‍ഷ സമ്മാനം ഒരുക്കിയത്. പുതുവര്‍ഷ സമ്മാനം പതിവില്ലാത്ത ഗ്രാമീണര്‍ക്ക് ഇത് അവിസ്മരണീയമായി മാറി. കുട്ടിക്കൈകളില്‍ ചായംപുരട്ടി കടലാസില്‍ പതിപ്പിച്ചെടുത്ത ചിത്രങ്ങള്‍ അവരുടെ ഹൃദയത്തിലാണ് പതിഞ്ഞത്.
കുട്ടികളുടെ കൈകളില്‍ തിന്മയുടെ കറപുരളാതെ സൂക്ഷിക്കാന് ഈ സ്‌നേഹമുദ്ര അവര്‍ക്ക് പ്രചോദനമാകുമെന്ന് സമ്മാനത്തിനു ചുക്കാന്‍പിടിച്ച അധ്യാപകര്‍ പറയുന്നു. ആശംസാകാര്‍ഡുകള്‍ കൈമാറിയുള്ള രീതിക്ക് മാറ്റംവേണമെന്ന കുട്ടികളുടെയും അധ്യാപകരുടെയും ചിന്തയില്‍നിന്നാണ് വേറിട്ട സമ്മാനത്തിന്റെ പിറവി. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമുള്ള പുതുവര്‍ഷ സമ്മാനം വെള്ളയൂര്‍ ഗ്രാമത്തിലാകെ എത്തിക്കാനും കഴിഞ്ഞു.
മക്കളുടെ കൈകളില്‍നിന്ന് സമ്മാനം ഏറ്റുവാങ്ങുന്ന രക്ഷിതാക്കള്‍ അവര്‍ക്കൊപ്പം ചിത്രമെടുത്ത് സ്‌കൂള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് അയക്കണം. അതാണ് രക്ഷിതാക്കള്‍ നല്‍കേണ്ട പുതുവര്‍ഷ ആശംസ. കുട്ടികളുടെ കൈ ആലേഖനംചെയ്ത സമ്മാനം വീട്ടുചുമരില്‍ സൂക്ഷിക്കാവുന്നതരത്തില്‍ ലാമിനേറ്റ് ചെയ്താണ് ഒരുക്കിയിട്ടുള്ളത്.
ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. ക്ലാസ് തലത്തിലാണ് സ്‌നേഹമുദ്ര തയ്യാറാക്കിയത്. അധ്യാപകരും പുതുവര്‍ഷ സമ്മാനം ഒരുക്കാന്‍ കുട്ടികളെ സഹായിച്ചു. പ്രഥമാധ്യാപകന്‍ യു. ദേവിദാസ് ബാബു ഉദ്ഘാടനംചെയ്തു. അധ്യാപകരായ കെ. സുപ്രിയ, പി.വി. ദീപ, എം.ആര്‍. ശ്രുതി, വി. സുമയ്യ, അജിന്‍ കൃഷ്ണ, പി. അശ്വതി, രമ്യ ചന്ദ്രന്‍, സുരാജ് എം, കൃഷ്ണ എന്നിവര്‍ നേതൃത്വംനല്‍കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..