കണ്ണൂര്‍: തീവണ്ടിയില്‍ ഓടിക്കയറാന്‍ ശ്രമിച്ച് പിടിവിട്ട് പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീണ പെണ്‍കുട്ടി ചെറിയ പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിട്ടി സ്വദേശിയായ 19-കാരിയാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ കണ്ണുര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പുതുച്ചേരി-മംഗളരു പ്രതിവാര വണ്ടിയില്‍(16857) തലശ്ശേരിയില്‍ നിന്ന് മംഗളുരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി.

To advertise here,

വണ്ടി കണ്ണൂര്‍ എത്തിയപ്പോള്‍ ബിസ്‌കറ്റും മറ്റും വാങ്ങാന്‍  ഇറങ്ങി. സാധനം വാങ്ങുന്നതിനിടയില്‍ വണ്ടി വിട്ടു. സാധനം കടയില്‍വെച്ച് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വീണത്. യാത്രക്കാരും റെയില്‍വേ പോലീസും കാറ്ററിങ് തൊഴിലാളികളും വിളിച്ചു പറഞ്ഞ് വണ്ടി നിര്‍ത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടി പിന്നീട് മറ്റൊരു വണ്ടിയില്‍ മംഗളുരുവിലേക്ക് യാത്ര തുടര്‍ന്നു. കണ്ണൂര്‍ സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്താന്‍ അനുവദിച്ച സമയം മുന്നു മിനുട്ടാണ്. അതറിയാതെയാണ് പല യാത്രക്കാരും വെള്ളം വാങ്ങാനും മറ്റും ഇറങ്ങി ഓടികയറാന്‍ ശ്രമിക്കുന്നത്.