ഐ.എ.എസ്സുകാര്‍ക്ക് മിനിമം വിവരം വേണമെന്നും ആരും ഉമ്മാക്കി കാട്ടി സര്‍ക്കാരിനെ പേടിപ്പിക്കേണ്ടെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. "എന്തിന്റെ അടിസ്ഥാനത്തിലാണ് ആ ഉദ്യോഗസ്ഥന്‍ ഓര്‍ഡര്‍ കൊടുക്കാന്‍ തീരുമാനിച്ചത്. ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തോ? വകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്തോ? ഗവറണ്‍മെന്റിന്റെ നയം അതാണോ?" - മേഴ്സിക്കുട്ടിയമ്മ ചോദിച്ചു. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു കെ.എസ്.ഐ.എന്‍.സി. എം.ഡി. എന്‍.പ്രശാന്ത് ഐ.എ.എസ്സിനെതിരേ ശക്തമായ ഭാഷയില്‍ മന്ത്രി പ്രതികരിച്ചത്.
"ഗവണ്‍മെന്റിന്റെ നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യഗസ്ഥന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിക്കും. ഐ.എ.എസ്സുകാര്‍ക്കൊക്കെ മിനിമം ധാരണ വേണം. മിനിമം വിവരമില്ലാതെ 400 ഷിപ്പ് നിര്‍മ്മിക്കുമെന്നൊക്കെയാണ് പറഞ്ഞത്. ഒരു ലോങ് ലൈനര്‍ ഷിപ്പ് നിര്‍മ്മിക്കാന്‍ എട്ട് മാസം വരെ വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെയിരിക്കെയാണ് 400 ഷിപ്പ് നിര്‍മ്മിക്കാമെന്ന് ഒരാള്‍ പറയുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്" - മേഴ്സിക്കുട്ടിയമ്മ ചോദിച്ചു.
"ഐ.എ.എസ്. പാസായാല്‍ ഭൂമിക്ക് കീഴിലുള്ള എല്ലാം അറിയാമെന്നാണോ ധാരണ. ആരോട് ചോദിച്ച് എങ്ങനെയാണ് ഇക്കാര്യം ചെയ്തത്. ഇക്കാര്യം ഇപ്പോള്‍ രമേശ് ചെന്നിത്തല ഉപയോഗിക്കുമ്പോള്‍ രാഷ്ട്രീയമായ ഗുഢലക്ഷ്യം അതിന്റെ പിന്നിലുണ്ടെന്ന ശക്തമായ ആക്ഷേപമാണുള്ളത്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കും നടപടിയുമെടുക്കും" - മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
"ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെട്ട ഒരു കാര്യം ചെയ്യുമ്പോള്‍ ഇയാള്‍ അന്വേഷിക്കണ്ടേ. ആരോട് ചര്‍ച്ച ചെയ്തിട്ടാണ് ഉണ്ടാക്കിയത്. ഇതാണ് അന്വേഷിക്കുന്നത്. ആരും ഒരു ഉമ്മാക്കിയും കാട്ടി പേടിപ്പിക്കേണ്ട. ഇത്തരം ഉമ്മാക്കി കാട്ടി പേടിപ്പിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ കടല്‍ചുഴിയില്‍ എന്നൊക്കെ പറഞ്ഞ് ആര്‍ക്കെങ്കിലും എന്തെങ്കിലും സാധിക്കാമെന്ന വ്യാമോഹമുണ്ടെങ്കില്‍ അത് നടപ്പിലാവാന്‍ പോവുന്നില്ല" - മേഴ്സിക്കിട്ടിയമ്മ വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..