വരുന്ന അധ്യയന വര്‍ഷം മുതല്‍ കേന്ദ്ര സര്‍വ്വകലാശാലകളിലെ ഡിഗ്രി കോഴ്സുകളിലേക്ക് ഉള്ള പ്രവേശനത്തിന് ഒറ്റ പ്രവേശന പരീക്ഷ നടത്തും എന്ന് കേന്ദ്ര സര്‍ക്കാര്‍. ഉയര്‍ന്ന നിലവാരത്തിലുള്ള അഭിരുചി പരീക്ഷ നടത്തുന്നതിനുള്ള നടപടിക്രമം തീരുമാനിക്കാന്‍ ഏഴ് അംഗ വിദഗ്ദ്ധ സമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്കി.
പഞ്ചാബിലെ കേന്ദ്രസര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ആര്.പി. തിവാരിയുടെ അധ്യക്ഷതയിലാണ് ഏഴംഗ വിദഗ്ധസമിതി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ വിദഗ്ധ സമിതി പരീക്ഷാ നടത്തിപ്പിന്റെ നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് യു.ജി.സി. ചെയര്‍പേഴ്സണ്‍ ഡി.പി. സിങ് അറിയിച്ചു.
പൊതുപരീക്ഷയ്ക്കൊപ്പം വിഷയകേന്ദ്രീകൃത പരീക്ഷയും ഉണ്ടാകും. ഓരോ വര്‍ഷവും രണ്ട് തവണ പ്രവേശന പരീക്ഷ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ 2020-'21 വര്‍ഷത്തില്‍ ഒരു തവണ മാത്രമേ പരീക്ഷ ഉണ്ടാവൂ.
വിവിധ കേന്ദ്രസര്‍വ്വകലാശാലകളില്‍ ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്ക് കാരണം വിദ്യാര്‍ഥി പ്രവേശനത്തിനുണ്ടാകുന്ന സങ്കീര്‍ണ്ണത ഒറ്റ പ്രവേശന പരീക്ഷയിലൂടെ ഇല്ലാതാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയുന്ന തരത്തിലാകും ഒറ്റ പ്രവേശന പരീക്ഷ എഴുതാനുള്ള മിനിമം മാര്‍ക്ക് നിശ്ചയിക്കുക എന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ആണ് കമ്പ്യുട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ നടത്തുക എന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..