തിരുവനന്തപുരം കാട്ടാക്കട നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ മകളുടെ മുന്നില്‍ വച്ച് അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. സംഭവത്തെക്കുറിച്ച് രണ്ടു ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.ക്കാണ് അന്വേഷണ ചുമതല.
നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനില്‍ നടന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. സ്റ്റേഷനിലെ എ.എസ്.ഐ. ഗോപകുമാറിനെയാണ് ഇടുക്കിയിലേക്കു സ്ഥലം മാറ്റിയത്. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനില്‍ നില്ക്കുന്ന പിതാവിനോടും മകളോടും പരുഷമായ രീതിയില്‍ പെരുമാറുകയും ഇറക്കിവിടുകയും ചെയ്യുന്ന ദൃശ്യമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. നെയ്യാര്‍ഡാം പള്ളിവേട്ട സ്വദേശിയായ സുദേവന്റെ മകളെ കാണാതായതുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിരുന്നു. പരാതിയില്‍ പോലീസ് അന്വേഷണം നടത്തുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് ആരോ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതിയുമായി വീണ്ടും പോലീസ് സ്റ്റേഷനിലെത്തിയ സുദേവനോടും കൂടെയുണ്ടായിരുന്ന മകളോടും ഉദ്യോഗസ്ഥന് മോശമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. സംഭവത്തില്‍ പോലീസിനു ഗുരുതരവീഴ്ച ഉണ്ടായി എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരാതിക്കാരോടു മോശമായി പെരുമാറിയതായി വീഡിയോ ദൃശ്യങ്ങളില്‍നിന്നുതന്നെ വ്യക്തമായിരുന്നു. ഒരു സ്ത്രീ കൂടെയുണ്ടായിരുന്നു എന്നത് സംഭവത്തെ ഗൗരവമുള്ളതാക്കുന്നു. ഈ സമയങ്ങളില്‍ പോലീസ് കാണിക്കേണ്ട മാന്യത പാലിച്ചിട്ടില്ലെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് അടിയന്തര നടപടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..