കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷകര്‍ക്കായി 'വിത്ത്' പാട്ടുമായി ബിജിബാലും ഹരിനാരായണനും. 'വിത്തെറിഞ്ഞ് വിളവെടുത്തവന്റെയാണ് ചോറ്.. അധികാരച്ചുരിക കൊണ്ട് ചോരുകില്ല വീറ്.. കണ്ടില്ലെന്ന് നടിക്കരുത് ചുട്ട കണ്ണുനീര്.. നട്ടവന്റെ നീതിക്കായ് തുടരണം ഈ പോര്..' ഇങ്ങനെ തുടങ്ങി, തുടരുന്ന വരികളില്‍ കൃത്യമായ നിലപാടും കര്‍ഷകരെ പിന്താങ്ങേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്നുണ്ട്. 

ഇതിനുമുമ്പും സാമൂഹികവിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി പാട്ടുകള്‍ ഇറക്കിയിട്ടുണ്ട് ഇരുവരും. 'വിത്ത്' പാട്ടിനായി ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജിബിന്‍ ഗോപാലാണ്. ബിജിബാലും ഹരിനാരായണനും തന്നെയാണ് പാടി അഭിനയിച്ചിരിക്കുന്നത്. പ്രയാഗ് മുകുന്ദന്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. വരികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിരിക്കുന്നത് ബി.കെ. പരമേശ്വരനാണ്.