മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രം ഒടുവിൽ ഒടിടിയിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചു.  മരയ്ക്കാർ മാത്രമല്ല, മോഹൻലാലിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ബ്രോ ഡാഡി, എലോൺ, ട്വെൽത് മാൻ എന്നിവയടക്കം നാല് ചിത്രങ്ങളും ഇനി ഒടിടിയിൽ കാണാം. ആശിർവാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂർ ഇക്കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. 

സിനിമ, അത് താരങ്ങളുടെയും പിന്നണിപ്രവർത്തകരുടെയും മാത്രം കലയല്ല. ഒരു വമ്പൻ വ്യവസായം കൂടിയാണ്. അതിന് പറയാൻ കോടികൾ മറിയുന്ന കഥകളുണ്ട്, ഒന്നര വർഷത്തിലേറെ അടച്ചിടേണ്ടി വന്ന തിയേറ്റർ ഉടമകളുടെ നഷ്ടക്കണക്കുകളുടെ ദീർഘ നിശ്വാസങ്ങളുണ്ട്...  കോവിഡ് ഇരുട്ടിലേക്ക് തള്ളിവിട്ട ദിവസക്കൂലിക്കാരുടെ കണക്കുകൂട്ടലുകളുണ്ട്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ പോലും തിയേറ്റർ ഉപേക്ഷിക്കുമ്പോൾ യഥാർത്ഥത്തിൽ  നഷ്ടം ആർക്കാണ് ?