നവാസുദ്ദീന്‍ സിദ്ദിഖി ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയായി എത്തുന്ന ചിത്രമായ താക്കറെയുടെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. അഭിജിത് പന്‍സെ സംവിധാനം ചെയ്യുന്ന ചിത്രം മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വയാകോം 18 മോഷന്‍ പിക്ചേഴ്സാണ് നിര്‍മിക്കുന്നത്. സഞ്ജയ റാവത്ത്, ഡോ ശ്രീകാന്ത് ഭാസി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ശിവസേന എം പിയും പത്രപ്രവര്‍ത്തകനുമാണ് സഞ്ജയ് റാവത്ത്. പ്രമുഖ വ്യവയായിയും സച്ചിന്‍- എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളുമായ കാര്‍ണിവല്‍ ഗ്രൂപ്പിന്റെ സ്ഥാപകനുമാണ്  ശ്രീകാന്ത് ഭാസി.

ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു. താക്കറേയുടെ വേഷത്തില്‍ സുരക്ഷാസേനക്കൊപ്പമുള്ള നവാസുദ്ദീന്‍ സിദ്ദിഖിയുടെ വീഡിയോയാണ് ചര്‍ച്ചയായത്. സിനിമയുടെ സെറ്റില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

താക്കറേയുമായി സിദ്ദിഖിക്ക് അസാധാരണമായ രൂപസാദൃശ്യമുണ്ടെന്നായിരുന്നു സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നപ്പോഴുണ്ടായ വിലയിരുത്തല്‍. അബ്ദുള്‍ ഖ്വയ്ദര്‍, ലക്ഷമണ്‍ സിംഗ് രജ്പുത്ത്, അനുഷ്‌ക യാദവ്, നിരഞ്ജന്‍ ജാവിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 2019 ല്‍ താക്കറേയുടെ 93-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ജനുവരി 25ന് മറാത്തി, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

Content Highlights : Thackeray Official Trailer, Nawazuddin Siddiqui, Amrita Rao, Marathi, Hindi