ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ആക്ഷന്‍ ചിത്രങ്ങളുടെ ഗണത്തില്‍ സ്ഥാനമുറപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങുകയാണ് അക്ഷയ് കുമാര്‍ നായകനാകുന്ന സൂര്യവന്‍ശി എന്ന ചിത്രം. തീപ്പൊരി രംഗങ്ങളും മാസ് ആക്ഷനുകളും കോര്‍ത്തിണക്കിയുള്ള ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതുള്ള ട്രെയ്‌ലറില്‍ അക്ഷയ് കുമാറും അജയ് ദേവ്ഗണും രണ്‍വീര്‍ സിങ്ങും ഒന്നിച്ചെത്തുന്നു എന്നതാണ് പ്രത്യേകത. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫാണ് നായിക. 

ഡി.സി.പി വീര്‍ സൂര്യവന്‍ശി എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അഭ്രപാളിയിലെത്തിക്കുന്നത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന വീര്‍ സൂര്യവന്‍ശിയുടെ കുറ്റാന്വേഷണകഥയാണ് ചിത്രം പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്.

ഹിമേശ് രേഷാമിയ, തനിഷ്‌ക് ബാഗ്ജി, എസ് തമന്‍, മീറ്റ് ബോസ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങളൊരുക്കുന്നത്. മലയാളിയായ ജോമോന്‍ ടി ജോണ്‍ രവി കെ ചന്ദ്രന്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. ലിംക ബുക്ക് ഓഫ് റെക്കോഡസില്‍ ഈയിടെ ഇടം നേടിയ ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Content Highlights: Sooryavanshi Official Trailer, Akshay kumar, Rohit Shetty