മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.  പ്രഖ്യാപിക്കപ്പെട്ട അന്ന് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രത്തിലെ ഓരോ പോസ്റ്ററുകളും ടീസറും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. 

സ്റ്റീഫന്‍ നെടുംമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നായികയായെത്തുന്നത് മഞ്ജു വാര്യര്‍ ആണ്. പ്രിയദര്‍ശിനി രാംദാസ് എന്നാണ് മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രതിനായക കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ ടൊവിനോയും ഇന്ദ്രജിതും പ്രധാന വേഷത്തിലെത്തുന്നു.

ഇവരെ കൂടാതെ സുരേഷ് ചന്ദ്ര മേനോന്‍, ശിവജി ഗുരുവായൂര്‍, ഫാസില്‍, ആദില്‍ ഇബ്രാഹിം, ഷോണ്‍ റോമി, നന്ദു, ജോണ്‍ വിജയ്, അനീഷ് ജി മേനോന്‍, കൈനകരി തങ്കരാജ്, ബാല, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാസുദേവ് .

ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് മുതല്‍ ഓരോ വാര്‍ത്തയും സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മാര്‍ച്ച് 28ന് ലൂസിഫര്‍ തിയേറ്ററുകളിലെത്തും.

Content Highlights : Prithviraj Mohanlal Movie Lucifer Triler Mohanlal Manju Tovino Indrajith Lucifer Movie Trailer