മിനിസ്‌ക്രീനിലൂടെ പ്രായഭേദമെന്യേ ആരാധകരെ സൃഷ്ടിച്ച ആ ബദ്ധവൈരികള്‍ ചെറിയൊരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക്. ആനിമേഷന്‍ കഥാപാത്രങ്ങളും യഥാര്‍ത്ഥ നടീനടന്മാരും ഒരുമിക്കുന്ന ടോം ആന്‍ഡ് ജെറി സിനിമ റിലീസിന് തയ്യാറെടുക്കുന്നു.

കഴിഞ്ഞ ദിവസമിറങ്ങിയ ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ആഡംബര ഹോട്ടലില്‍ നടക്കുന്ന വിവാഹച്ചടങ്ങിലേക്ക് ജെറിയും ജെറിയെ പിടിക്കാന്‍ ടോമും എത്തുന്നതാണ് സിനിമയുടെ കഥാസാരം. സാഹസികതയും പൊട്ടിച്ചിരിയും നല്‍കുന്നതായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

വില്ല്യം ഹന്ന, ജോസഫ് ബാര്‍ബറ എന്നിവര്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി കെവിന്‍ കോസ്‌റ്റെലോ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫന്റാസ്റ്റിക് ഫോര്‍, തിങ്ക് ലൈക്ക് എ മാന്‍, ബാര്‍ബര്‍ഷോപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ടിം സ്റ്റോറിയാണ് ടോം ആന്‍ഡ് ജെറി സംവിധാനം ചെയ്യുന്നത്. ഗ്രാവിറ്റി, ലീഗോ മൂവി-2, റെഡ് പ്ലേയര്‍ 1 എന്നീ ചിത്രങ്ങളൊരുക്കിയ ക്രിസ് ഡെഫാരിയയാണ് ചിത്രം നിര്‍മിക്കുന്നത്. 

വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.