അലീഷ എന്ന സുന്ദരിയായ രാജകുമാരിയ്ക്ക് വരനെ തേടുന്നതും ഒടുവില്‍ പക്കാ ഇന്ത്യാക്കാരനായ, അതിസുന്ദരനായ യുവാവെത്തി രാജകുമാരിയെ സ്വന്തമാക്കുകയും ചെയ്യുന്ന വിധത്തിലായിരുന്നു 1995-ല്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന പോപ് ആല്‍ബത്തിലെ ടൈറ്റില്‍ സോങ് പുറത്തിറങ്ങിയത്. ഹിന്ദിയിലായിരുന്നു ഗാനമെങ്കിലും 'മെയ്ഡ് ഇന്‍ ഇന്ത്യ' അലീഷ ചിനായ് എന്ന ഗായികയ്ക്ക് നല്‍കിയത് പോപ് സംഗീത ലോകത്തെ പ്രമുഖസ്ഥാനമാണ്. ആ കാലയളവില്‍ പുറത്തിറങ്ങിയ മ്യൂസിക് ആല്‍ബങ്ങളില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ ആല്‍ബമെന്ന നിലയിലും 'മെയ്ഡ് ഇന്‍ ഇന്ത്യ' അലീഷായ്ക്ക് ഇന്ത്യയ്ക്ക് പുറത്തും ആരാധകരെ നേടിക്കൊടുത്തു.

'മെയ്ഡ് ഇന്‍ ഇന്ത്യ' എന്ന ഒറ്റ ഗാനം കൊണ്ട് അലീഷ ചിനായ് എന്ന ഗായിക അക്കാലത്ത് നേടിയ മൈലേജ് മറ്റേതെങ്കിലും ഗായകര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന കാര്യം സംശയമാണ്.  ഒരു കൊല്ലക്കാലം വില്‍പനയില്‍ ഏഷ്യയിലുടനീളം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ആല്‍ബത്തിന്റെ അമ്പത് ലക്ഷത്തിലധികം കോപ്പികളാണ് ആഗോളതലത്തില്‍ വിറ്റഴിഞ്ഞത്. ഒപ്പം 'ക്വീന്‍ ഓഫ് ഇന്‍ഡി പോപ്' എന്ന പട്ടവും അലീഷ ചിനായ് സ്വന്തമാക്കി. തൊണ്ണൂറുകളിലെ തരംഗമായിരുന്ന ഈ പാട്ടിന് പിന്നില്‍ ഒരു പാക് പേടിയുടെ കഥ ഒളിഞ്ഞുകിടപ്പുണ്ട്.