യുവാക്കളുടെ ഇടയില്‍ തരംഗമാവുകയാണ് 'ദര്‍ശനാ...' എന്ന പാട്ട്. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമായ ഹൃദയത്തിലെ ഈ പാട്ടിലൂടെ പ്രണവ് മോഹന്‍ലാലിന്റെ ഗംഭീര തിരിച്ചുവരവ് ആഘോഷിക്കുകയാണ് എല്ലാവരും. എന്നാല്‍ ദര്‍ശനയുടെ വിജയം പ്രണവിന്റെയും വിനീതിന്റെയും മാത്രമല്ല ഹിഷാമിന്റേത് കൂടിയാണ്. സ്വന്തമായി സംഗീത സംവിധാനം നിര്‍വ്വഹിച്ച് പാടിയ പാട്ട് വൈറലായതിന്റെ ത്രില്ലിലാണ് ഹിഷാം.

"എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ഞാന്‍ എത്തേണ്ട സ്ഥലത്ത് എത്തിപ്പെടേണ്ടത് ഇപ്പോഴായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. 2015-ല്‍ ഒരു സൂഫി ആല്‍ബം ചെയ്തിരുന്നു. അത് കേട്ട് ഇഷ്ടപ്പെട്ടാണ് വിനീത് ശ്രീനിവാസന്‍ ഹൃദയത്തിലേക്ക് ക്ഷണിച്ചത്." - ഹൃദയം സിനിമയുടെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ് ഹിഷാം അബ്ദുള്‍ വഹാബ്.