ഇന്നും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന അവസ്ഥയെക്കുറിച്ച് അധികമൊന്നും ചര്‍ച്ച ചെയ്യാത്ത സമൂഹമാണിത്. പല അമ്മമാരും തങ്ങളും ആ ഘട്ടങ്ങളിലൂടെ കടന്നുപോയവരാണെന്ന് വൈകിയാണ് തിരിച്ചറിയുന്നത്. ചിലരെങ്കിലും വേണ്ട പിന്തുണ ലഭിക്കാതെ ആത്മഹത്യ, കുഞ്ഞിനെ ഉപദ്രവിക്കല്‍ തുടങ്ങിയ കടന്ന ഘട്ടങ്ങളിലേക്കു പോകാറുണ്ട്. ഈ സാഹചര്യത്തില്‍ താന്‍ കടന്നുപോയ പ്രസവാനന്തര വിഷാദകാലത്തേക്കുറിച്ച് പങ്കുവെക്കുകയാണ് നടി ശില്‍പബാല. 

സൈക്കോളജി പഠിച്ചിട്ടുപോലും തനിക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനാണെന്ന് തിരിച്ചറിയാന്‍ വൈകിയതും ബാത്‌റൂമില്‍ പോയി കരഞ്ഞുതീര്‍ത്തതും ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും അകമഴിഞ്ഞ പിന്തുണ കൊണ്ട് അതിജീവിക്കാനായതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ശില്‍പബാല. തന്നെപ്പോലുള്ള അമ്മമാര്‍ക്ക് പ്രചോദനമാവാന്‍ വേണ്ടിയാണ് അനുഭവം പങ്കുവെച്ചതെന്നും ശില്‍പബാല പറയുന്നു.