വേറിട്ട ഈണവും ജാസി ഗിഫ്റ്റിന്റെ ശബ്ദവും ചേർന്ന അപൂര്‍വ്വ രസതന്ത്രം ലജ്ജാവതിയേ എന്ന ഗാനത്തെ റോക്കറ്റ് വേഗത്തിലാണ് സൂപ്പർഹിറ്റാക്കിയത്. ഈ ഗാനം 2004-ൽ പുറത്തിറങ്ങുന്നതുവരെ മലയാളിയുടെ 'ലജ്ജാവതി'ക്ക് മറ്റൊരു രൂപവും ഭാവവുമായിരുന്നു. പാട്ടിന്റെ ഈണത്തേയും ഗായകനേയും അംഗീകരിക്കാൻ ആദ്യമൊന്ന് മടിച്ചവർ പോലും പിന്നീട് പലതവണ ലജ്ജാവതിയും ഫോർ ദ പീപ്പിളിലെ മറ്റു ഗാനങ്ങളും കേട്ടു. 

അന്നക്കിളിയും ബല്ലേ ബല്ലേയും വേദികളിൽ മുഴങ്ങി, പ്രായഭേദമെന്യേ ലജ്ജാവതിക്ക് അവർ ചുവടുവെച്ചു. മലയാള സിനിമാഗാന ചരിത്രത്തിലെ വലിയ ഹിറ്റുകളിലൊന്നായിത്തീർന്ന ലജ്ജാവതിക്ക് പതിനേഴ് വർഷങ്ങൾക്കിപ്പുറവും ആരാധകർ ഏറെയുണ്ട്. ഇൻഡി പോപ്പ് സുൽത്താൻ അദ്‌നാൻ സമി പാടാനിരുന്ന ഗാനം ഒടുവിൽ ജാസി ഗിഫ്റ്റ് തന്നെ പാടുകയായിരുന്നു. അതിന് പിന്നിൽ ഒരു കഥയുണ്ട്.