ഗായകന്‍ എസ്.പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിനിടെ ഉണ്ടായ അപവാദപ്രചരണങ്ങളില്‍ മറുപടിയുമായ മകന്‍ എസ്.പി ചരണ്‍. ലൈവ് വീഡിയോയിലാണ് ചരണ്‍ പ്രതികരണവുമായി എത്തിയത്.

അദ്ദേഹത്തിന്റെ വാക്കുകള്‍

'അച്ഛന്റെ വിയോഗത്തില്‍ ഞങ്ങള്‍ എല്ലാവരും ഏറെ വിഷമിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ പറയാനാവുന്നതാണോ ഇതെന്ന് അറിയില്ല. എങ്കിലും പറയേണ്ടിയിരിക്കുന്നു. എം.ജി.എം ആശുപത്രിയിലെ അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ചില അപവാദങ്ങള്‍ പ്രചരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ചികിത്സാച്ചെലവ്, ടെക്‌നിക്കല്‍ സ്റ്റഫ് തുടങ്ങിയ വിഷയങ്ങളിലാണത്. അതിനെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ ഞാന്‍ പങ്കുവെക്കാം.

ഓഗസ്റ്റ് 5 മുതലായിരുന്നു ഞങ്ങള്‍ ആശുപത്രിയിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അച്ഛന്‍ വിടപറഞ്ഞത്. പിന്നാലെയാണ് അപവാദങ്ങള്‍ക്ക് തുടക്കമായത്.

ചികാത്സാച്ചെലവ് വലിയ തുകയാണെന്നും ബില്‍ മുഴുവനായും ഞങ്ങള്‍ക്ക് അടക്കാനായില്ലെന്നും, ഞങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ അവര്‍ പിന്തുണച്ചില്ലെന്നും ശേഷം ഞാന്‍ ഉപരാഷ്ട്രപതിയെ കണ്ടെന്നും അദ്ദേഹം ഉടന്‍ നടപടി സ്വീകരിച്ചെന്നും ആരോപണമുന്നയിച്ചു. ബില്‍തുക അടയ്ക്കാതെ അന്ത്യകര്‍മ്മങ്ങള്‍ക്ക് അദ്ദേഹത്തെ വിട്ടുനല്‍കില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായും അപവാദങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം കള്ളമാണെന്ന് ഞാന്‍ പറയുന്നു. ആളുകള്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. ഇതുമായി ബന്ധപ്പെട്ട് ആര്‍ക്കെല്ലാം വിഷമമുണ്ടാകുമെന്നുപോലും ചിന്തിക്കാതെ എങ്ങനെയാണ് ഇവര്‍ക്ക് കള്ളം പ്രചരിപ്പിക്കാനാകുന്നത്. ഇത്തരം ആളുകള്‍ നമുക്ക് ചുറ്റുമുണ്ടെന്നത് വളരെ വേദനാജനകമാണ്. 

എസ്.പി.ബിയുടെ ആരാധകര്‍ ആവില്ല ഇങ്ങനെ കിംവദന്തികള്‍ പരത്തുന്നത്. എസ്.പി.ബി ഇങ്ങനെ ആരെയെങ്കിലും വിഷമിപ്പിക്കുന്ന ഒരാളല്ല. ഇപ്പോള്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന ആളോട്‌പോലും ക്ഷമിക്കുന്നയാളാണ് അദ്ദേഹം. 

അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നയാള്‍ക്ക് ഇതിനെക്കുറിച്ച് അടിസ്ഥാനപരമായി യാതൊരു ധാരണയുമില്ല. ചികിത്സാച്ചെലവ് എത്രയെന്നോ, ബില്‍ എത്രയാണെന്നോ എന്നതൊന്നും ഇയാള്‍ക്ക് അറിയില്ല. ഇതിനെക്കുറിച്ച് ഇപ്പോള്‍ ഞാനും പറയുന്നില്ല. ഞാനും ആശുപത്രി അധികൃതരും സംയുക്തമായി പത്രക്കുറിപ്പില്‍ ഇത് പിന്നീട് അറിയിക്കും. ഒപ്പം റൂമറുകളെക്കുറിച്ചും. ഇങ്ങനെ ചെയ്യേണ്ടിവരുന്നതില്‍ ഖേദമുണ്ട്. ഒരാള്‍ അല്ലെങ്കില്‍ ഒരു സംഘം ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് അങ്ങേയറ്റം മോശം കാര്യമാണ്. അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നുമാത്രമേ പറയാനുള്ളൂ.

എം.ജി.എം ആശുപത്രി ചെയ്തുതന്ന എല്ലാ സേവനങ്ങള്‍ക്കും എന്റെ കുടുംബത്തിന് അങ്ങേയറ്റം നന്ദിയുണ്ട്. അച്ഛനെ ചികിത്സിക്കുന്ന സമയങ്ങളിലൊക്കെയും ഞങ്ങള്‍ക്ക് വീട്ടിലെത്തുന്ന പ്രതീതിയായിരുന്നു ആശുപത്രിയില്‍. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ എല്ലാവരുമായി ഞങ്ങള്‍ക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ എല്ലാദിവസവും രാവിലെ എന്നെ വിളിച്ച് വിവരങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. തീര്‍ച്ചയായും ചെന്നൈയിലെ ഏറ്റവും മികച്ച ആശുപത്രികളില്‍ ഒന്നാണ് എം.ജി.എം. എം.ജി.എമ്മിനു പുറമെ അപ്പോളോ ഹോസ്പിറ്റലും ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കിയിരുന്നു. ചെലവു സംബന്ധിച്ച കാര്യങ്ങള്‍ ഉടന്‍ എല്ലാവരെയും അറിയിക്കാം. അതുവരെ ദയവായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.